കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാട്ടുകാര്‍ക്ക് ശല്യക്കാരനായ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തം. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ ജനകീയ സമിതിയം നന്മാറ എംഎല്‍എ കെ ബാബുവും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്ന് പറമ്പിക്കുളം നിവാസികള്‍ ആരോപിക്കുന്നത്. സമിതി ശാന്തന്‍പാറ, ചിന്നക്കനാല്‍ നിവാസികളുടെ ആവലാതികള്‍ മാത്രമാണ് പരിഗണിച്ചതെന്നും പറമ്പിക്കുളത്തെ നാട്ടുകാര്‍ പരാതിപ്പെടുന്നു. അതേസമയം അരിക്കൊമ്പനെന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടാനുള്ള ദൗത്യം നീളുമെന്നാണ് വിവരം. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ ഇനിയും എത്തിയിട്ടില്ല. അസം വനംവകുപ്പിന്റെ കൈവശമുള്ള ജി.പി.എസ് കോളര്‍ ഇടുക്കിയില്‍ എത്തിക്കാനാണ് ശ്രമം. ഇന്ന് അനുമതി ലഭിച്ചാല്‍ നാളെയോടുകൂടി ജി.പി.എസ് കോളര്‍ ഇടുക്കിയില്‍ എത്തും.
അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലൊണ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ജനകീയ സമരം കൊണ്ട് കോടതി വിധിയില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു.