കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൈക്കൂലി വാങ്ങാതെ അന്തസായി ജീവിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചില്ലെങ്കിൽ സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ്/ഇന്റലിജന്റ് ബിൽഡിംഗ് ആപ്ലിക്കേഷൻ/സോഫ്റ്റ്വെവെയറായ സുവേഗയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്പോഴായിരുന്നു കൈക്കൂലിക്കാർക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥർക്കും ചീത്തപ്പേരുണ്ടാക്കുന്നത്. മാന്യമായ ശന്പളം സർക്കാർ നൽകുന്നുണ്ട്. അതുകൊണ്ട് ജീവിക്കാൻ ഉദ്യോഗസ്ഥർ ശീലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പണം ചെലവഴിക്കുന്നതിന് തടസമൊന്നുമില്ല. പക്ഷേ,​ അത് അവനവൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയത് ആയിരിക്കണം. മറ്റാരിൽ നിന്ന് ഒന്നും പിടുങ്ങില്ല എന്ന് വ്രതമെടുത്തുവേണം സർക്കാർ ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ. ആളുകളെ ദ്രോഹിക്കുന്ന കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരിൽ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫീസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥർ നമുക്കിടയിലുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി നടത്തരുതെന്ന് സർക്കാർ പറയുമ്പോൾ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ടെന്നും അദ്ദേഹം വിനര്‍ശിച്ചു. അടുത്തകാലത്ത് ഉദ്യോഗസ്ഥർ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിറുത്തി പുതിയൊരു മാർഗം കണ്ടുപിടിച്ചു. കൈക്കൂലി വാങ്ങാൻ വക്താക്കളെയാണ് ഇപ്പോൾ ഏൽപിക്കുന്നത്. ഇതിന് ചില അടയാളങ്ങളും കോഡുകളുമൊക്കെയുണ്ട്. ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥർ കരുതുന്ന ഇത്തരം പരിപാടികൾ അങ്ങാടിപ്പാട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ