തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് നിയമസയിൽ പറഞ്ഞു. ഇതിനായി ജഡ്ജി അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. പിന്മാറുമ്പോഴുളള പ്രത്യാഘാതങ്ങള്‍ പഠിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ജഡ്ജി അടങ്ങുന്ന സമിതിയെ രണ്ടാഴ്ചയ്ക്കകം നിയോഗിക്കും. പിന്മാറിയാലുളള പ്രത്യാഘാതം സമിതി വിശദമായി പരിശോധിക്കും’, തോമസ് ഐസക് വ്യക്തമാക്കി. പങ്കാളിത്ത പെൻഷൻ നടപ്പാക്കിയശേഷം സർവീസിൽ പ്രവേശിച്ചവരുടെ കടുത്ത സമ്മർദം കണക്കിലെടുത്താണു സമിതിയെ നിയോഗിക്കുന്നത്. പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുമെന്നാണ് ഇടതുമുന്നണിയുടെ പ്രകടനപത്രികയിൽ പറയുന്നതെങ്കിലും പിൻവലിക്കുമെന്നുതന്നെ തോമസ് ഐസക് ഉൾപ്പെടെയുള്ളവർ തിരഞ്ഞെടുപ്പുകാലത്തു പറഞ്ഞിരുന്നു.
2013 ഏപ്രിൽ ഒന്നിനു പദ്ധതി ആരംഭിച്ചുവെങ്കിലും ശേഷമുണ്ടായ സാഹചര്യങ്ങളെക്കുറിച്ചു പഠനം നടന്നിട്ടില്ല. ഇതിനകം സർക്കാർ സ്ഥാപനങ്ങൾക്കു പുറമെ 34 പൊതുമേഖലാ സ്ഥാപനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സർക്കാരാണു നാലു പൊതുമേഖലാ സ്ഥാപനങ്ങളിൽക്കൂടി ഇതു ബാധകമാക്കിയത്.