തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ബാറുകൾ തുറന്നുനൽകാൻ ഇളവുകളുമായി സർക്കാർ. കർണാടക മാതൃകയിൽ ദേശീയ പാതകളെ പുനര്‍വിജ്ഞാപനം ചെയ്യാനുളള തീരുമാനത്തിന് മന്ത്രിസഭാ യോഗത്തില്‍ അംഗീകാരം. കോർപറേഷൻ, നഗരസഭാ പരിധിയിൽ ബാറുകൾ തുറന്നുനൽകാനാണ് സർക്കാരിന്റെ തീരുമാനം.
പഞ്ചായത്തുകളെ നോട്ടിഫിക്കേഷനിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിട്ടില്ല. പാതകൾക്ക് ദേശീയപാതാ സ്ഥാനം നഷ്ടപ്പെടുന്നതോടെ മുന്നൂറോളം ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കും.
ഈ മേഖലകളിലൂടെ കടന്നുപോകുന്ന സംസ്ഥാന പാതകളുടെ മാത്രം പദവി മാറിയാൽ എക്സൈസിന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 130 നും 135 നുമിടയ്ക്ക് ബാറുകൾ തുറക്കാനാവും. ഇതുവഴി കടന്നുപോകുന്ന ദേശീയപാതയുടെ പദവിയും മാറ്റുകയാണെങ്കിൽ വേറെ 150 ബാറുകളും തുറക്കാം. ആകെ 280 ബാറുകളെങ്കിലും തുറക്കാനാവും. ഫൈവ് സ്റ്റാറുകളടക്കം നിലവിൽ 117 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ദേശീയ-സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലം ഉണ്ടായിരിക്കണമെന്ന നിബന്ധനയുടെ പശ്ചാത്തലത്തിലാണ് ബാറുകൾ അടച്ചുപൂട്ടിയത്. ജൂലൈ ഒന്നിന് സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വന്നതോടെ സംസ്ഥാനത്ത് 77 ബാറുകൾ കൂടി തുറന്നിരുന്നു.