തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തിൽ കൂടുതൽ നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ബസുകൾ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ ബസുകളുടെയും നിരന്തര നിരീക്ഷണ ചുമതല ഓരോ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനാണ് തീരുമാനം.
ഓരോ പ്രദേശത്തും റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ ഉത്തരവാദിത്തം ആ പ്രദേശത്തുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ച് നല്‍കും. ആ ബസുകളില്‍ ഏതെങ്കിലും നിയമലംഘനം കണ്ടെത്തിയാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായിരിക്കും മറുപടി നൽകേണ്ടത്.
പല നിറത്തിലും രൂപത്തിലും പെയിന്റ് അടിച്ചുള്ള ബസുകള്‍ക്ക് അടുത്ത ജനുവരി മുതല്‍ സര്‍വീസിന് വിലക്ക് ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. എല്ലാ ടൂറിസ്റ്റ് ബസിനും വെള്ള നിറത്തില്‍ നീല വരയെന്ന യൂണീഫോം കോഡ് നിര്‍ബന്ധമാക്കും. ജനുവരി ഒന്നിനു ശേഷം ഈ നിറത്തിലല്ലാത്ത ബസുകള്‍ ഓടാന്‍ അനുവദിക്കില്ല. വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രാ മാര്‍ഗനിര്‍ദേശവും കര്‍ശനമാക്കും. യാത്രക്ക് മൂന്ന് ദിവസം മുന്‍പ് മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക.