/indian-express-malayalam/media/media_files/uploads/2021/06/will-make-sure-free-internet-and-digital-equipment-for-students-say-pinarayi-vijayan-511602-FI.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.സി.വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അവസരമാണ്. ആഗോളതാപനില ഉയരുന്നതിനെപ്പറ്റിയും അതിന്റെ പരിണിതഫലങ്ങളെയും പറ്റി ഗവേഷകര്‍ നടത്തുന്ന കണ്ടെത്തലുകളെ ഗൗരവത്തോടെയാണ് കേരള സര്‍ക്കാര്‍ സമീപിക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും.
സാമ്പത്തികവളര്‍ച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പരിപ്രേഷ്യമാണ് സര്‍ക്കാരിനുള്ളത്. നേരത്തെ തന്നെ പാരിസ്ഥിതിക പ്രശ്‌നത്തെ ഗൗരവമായി കാണുകയും തുടര്‍ന്ന് ഓരോ ഘട്ടത്തിലും ഉയര്‍ന്നുവരുന്ന പ്രശ്‌നത്തെ കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിര്‍മ്മിതിക്കുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, ജലവിഭവം, തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, ഗതാഗതം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.
ദുരന്താഘാതം താങ്ങാന്‍ ശേഷിയുള്ള നവകേരള നിര്‍മ്മിതിയാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി രൂപീകരിക്കപ്പെട്ടതാണ് റിബില്‍ഡ് കേരള ഇന്‍ഷ്യേറ്റീവ് (ആര്‍.കെ.ഐ). 12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. 5,271.88 കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തിട്ടുണ്ട്. നദികളുടെ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കാന്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നവകേരളം മിഷന്റെ നേതൃത്വത്തില്‍ ഇത്തരം പരിപാടികള്‍ തുടരുന്നതാണ്.
മാലിന്യസംസ്‌കരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നേതൃത്വം വഹിക്കുന്നത്. വേസ്റ്റ് ടു എനര്‍ജി പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.
ആഗോളതലത്തില്‍ ഉണ്ടാകുന്ന പരിസ്ഥിതിവ്യതിയാനവും അതിന്റെ ഭാഗമായുള്ള ഭാരിച്ച മഴയുമെല്ലാം കേരളത്തിന്റെ പരിസ്ഥിതിയില്‍ ഗൗരവമായി ബാധിക്കുന്നതാണ്. കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ സവിശേഷമായ ഈ പരിസ്ഥിതിയില്‍ ഗൗരവകരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നതാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട ഒരു പ്രശ്‌നം. ഇത് സൃഷ്ടിക്കുന്ന പ്രളയവും അതുപോലുള്ള പ്രകൃതിദുരന്തങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ അതാതു ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ പാരിസ്ഥിതിക സവിശേഷതകളെ മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്തുന്നതിനുള്ള സമഗ്രമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പിലാക്കിയത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
സംസ്ഥാനത്തെ കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുന്നതിനും പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Also Read: ‘മോൺസനുമായി വഴിവിട്ട ബന്ധം’; ഐജി ലക്ഷ്മണിന് സസ്‌പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.