തൃശൂര്‍: നഴ്സുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ ഒത്തുതീര്‍പ്പിനായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. സമര രംഗത്തുളള ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ എന്നീ സംഘടനകളുമായിട്ടാണ് സർക്കാർ ഇന്ന് ചര്‍ച്ച നടത്തുക. തൊഴിൽ മന്ത്രി ടിപി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന ചർച്ചയിൽ ലേബർ കമ്മീഷണറും പങ്കെടുക്കും.

രാവിലെ 11 മണിക്ക് ഐഎന്‍എയുമായും വൈകിട്ട് നാലിന് യുഎന്‍എയുമായിട്ടാകും ചര്‍ച്ച നടത്തുക. വേതന വർദ്ധന ആവശ്യപ്പെട്ട് ഒരാഴ്ച മുൻപാണ് നഴ്സുമാർ സമരം ആരംഭിച്ചത്. അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് സഴ്സുമാരുടെ ആവശ്യം.

അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.