scorecardresearch
Latest News

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി

കൊറോണ മുൻകരുതലിന്റെ ഭാഗമായി ബിവറേജ് ഔട്ട്‌ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം

സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി

കൊച്ചി: സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി. ഖജനാവിന്റെ വരുമാനം ഒരു പ്രധാന ഘടകമാണെന്നും കോടതി നിരീക്ഷിച്ചു. അതോടൊപ്പം പൊതുജനാരോഗ്യവും ശ്രദ്ധിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു. കൊറോണ മുൻകരുതലിന്റെ ഭാഗമായി ബിവറേജ് ഔട്ട്‌ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.

ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. ആളുകൾ കൂട്ടം കൂടുന്നത് തടയുന്നതിന് സർക്കാർ പല നടപടികളും സ്വീകരിച്ചെങ്കിലും ബിവറേജ് ഔട്ട്‌ലറ്റുകളിലെ നീണ്ട നിര ആശങ്കയുണ്ടാക്കുന്നതാണെന്നും രോഗബാധയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അനുശിവരാമൻ പരിഗണിച്ചത്.

ഔട്ട്‌ലറ്റുകൾ അടയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയെങ്കിലും നടപടി ഇല്ലെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഹർജയിൽ ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ലഹരി നിർമാർജന സമിതിയംഗവും ആലുവ എടത്തല സ്വദേശിയുമായ എം.കെ.എ.ലത്തീഫാണ് ബിവറേജ് ഔട്ട്‌ലറ്റുകൾ അടയ്ക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് അടുത്ത ആഴ്ച പരിഗണിക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Govt financial position need to be consider high court