കൊച്ചി: കോവാക്സിന് അന്താരാഷ്ട്ര അംഗീകാരം ഇല്ലാതിരുന്നതുകൊണ്ട് പൗരൻമാർക്കുണ്ടായ ജോലി നഷ്ടത്തിന് കേന്ദ്ര സർക്കാരിന് ഉത്തരവാദിത്തമില്ലേയെന്ന് ഹൈക്കോടതി. കോവാക്സിന് അന്താരാഷ്ട്ര അംഗീകാരമില്ലാത്തതിനാൽ സൗദി അറേബ്യയിലേക്ക് ജോലിക്ക് മടങ്ങാൻ കഴിയാതിരുന്ന കണ്ണൂർ സ്വദേശി ഗിരികുമാർ തെക്കന്റെ ഹർജി പരിഗണിക്കവെയാണ് ജസ്റ്റീസ് പി.വി.കുഞ്ഞികൃഷ്ണന്റെ പരാമർശം.
ഹർജിക്കാരന് അധികഡോസ് നൽകുന്നതിൽ കോടതി നിലപാട് തേടിയെങ്കിലും മാർഗനിർദേശമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നു.
വാക്സിൻ നയം മൂലം തൊഴിൽ നഷ്ട്ടപ്പെട്ടവരുടെ പരാതി കേൾക്കാൻ കേന്ദ്രത്തിന് ബാധ്യതയില്ലേയെന്നും കോടതി ആരാഞ്ഞു. കോവിഷീൽഡ് അധികഡോസ് ഹർജിക്കാരന് നൽകാൻ പറയാനാവില്ലന്നും ഹർജിക്കാരന് വലിയ നഷ്ടമാണുണ്ടായതെന്നും കോടതി വ്യക്തമാക്കി.
സർക്കാരിൻ്റെ വാക്സിൻ നയം മൂലം രാജ്യത്ത് കോവിഷീൽഡ് സ്വീകരിച്ചവർ കോവാക്സിൻ സ്വീകരിച്ചവർ എന്നിങ്ങനെ രണ്ടു വിഭാഗമുണ്ടായെന്നും ഒരു വിഭാഗത്തിന്ന് വിദേശയാത്ര നിഷേധിക്കപ്പെട്ടെന്നും കോടതി അഭിപ്രായപ്പെട്ടു. ഇതിന് സർക്കാർ മറുപടി പറയേണ്ടതല്ലേ എന്നും കോടതി ചോദിച്ചു.
Also Read: കിഫ്ബിക്കെതിരായി നിൽക്കുന്നത് ‘സാഡിസ്റ്റ്’ മനോഭാവമുള്ളവർ: മുഖ്യമന്ത്രി
പകർച്ചവ്യാധി സമയത്ത് ജനങ്ങളുടെ ജീവനാണ് പ്രാമുഖ്യം നൽകിയതെന്ന് കേന്ദ്രം ബോധിപ്പിച്ചു. അന്താരാഷ്ട്ര അംഗീകാരത്തിന് കാത്തുനിൽക്കാനുള്ള സമായിരുന്നില്ലന്നും പൊതുതാൽപ്പര്യമാണ് കണക്കിലെടുത്തതെന്നും സർക്കാർ ചുണ്ടിക്കാട്ടി.
കോവാക്സിൻ സൗദി ഇനിയും അംഗീകരിച്ചട്ടില്ലെന്ന് ഹർജിക്കാരൻ അറിയിച്ചു. ഇക്കാര്യത്തിൽ സൗദി അറേബ്യയുടെ വ്യക്തമായ നിലപാട് അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദേശിച്ചു.