തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സ്വീകരിച്ച നടപടികളുടെ പേരിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് തീരുമാനിച്ചത്.

ധനകാര്യ അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ജേക്കബ് തോമസിനെതിരായ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. നിലവിൽ സർവ്വീസ് ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് സസ്പെൻഷനിലാണ് ജേക്കബ് തോമസ്. ഈ സസ്പെൻഷൻ കാലാവധി അവസാനിക്കാനിരിക്കെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ തീരുമാനമെടുത്തത്.

വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് എടുത്ത നിലപാടുകൾ ഉന്നത ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും പ്രകോപിച്ചിരുന്നു. ബാർകോഴ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകൾ ഉൾപ്പെടയുളള നടപടികൾ, ചീഫ് സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമിനെതിരെ നടത്തിയ​ അന്വേഷണം തുടങ്ങിയവ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിരുന്നു.

ആദ്യകാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ജേക്കബ് തോമസിനുണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം കൈയ്യൊഴിയുകയായിരുന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ആദ്യം ജേക്കബ് തോമസ് അവധിയിൽ പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ ഐഎംജി ഡയറക്ടറായി നിയമിച്ചു. ഈ കാലയളവിൽ ആത്മകഥാപരമായ സർവ്വീസ് സ്റ്റോറി രണ്ട് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. ഈ രണ്ട് പുസ്തകങ്ങളും വിവാദമായിരുന്നു.

സസ്പെൻഷൻ കാലാവധിയിൽ സർക്കാരിനെ നിരന്തരം വിമർശിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട് ജേക്കബ് തോമസ് വീണ്ടും വിവാദത്തിന് വഴിയൊരുക്കി. ഓഖി, ശബരിമല വിഷയത്തിൽ ജേക്കബ് തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ വിവാദമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ