തിരുവനന്തപുരം: ആർ.ശ്രീലേഖ ഉൾപ്പെടെ നാലു പൊലീസ് ഉദ്യോഗസ്ഥർക്ക് ഡിജിപി പദവി നൽകാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആർ.ശ്രീലേഖ, ടോമിൻ ജെ.തച്ചങ്കരി, അരുൺകുമാർ സിൻഹ, സുധേശ് കുമാർ എന്നിവർക്കാണ് ഡിജിപി റാങ്ക് നൽകാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ഡിജിപി റാങ്കിലെത്തുന്ന ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫിസറും ശ്രീലേഖയാണ്. വിജിലൻസിൽ ആയിരിക്കുമ്പോൾ വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്.

30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി റാങ്ക് നല്‍കണമെന്ന് ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തിരുന്നു. നളിനി നെറ്റോ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് ഇത് സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. ഇത് അംഗീകരിച്ചാണ് ഇപ്പോഴത്തെ സർക്കാർ തീരുമാനം.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് ഡിജിപി റാങ്കിലെത്തുന്ന നാലുപേരും. ശ്രീലേഖ ഇപ്പോള്‍ ജയില്‍ എഡിജിപിയാണ്. ഫയര്‍ഫോഴ്‌സ് മേധാവിയാണ് തച്ചങ്കരി.സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡയറക്ടറായി കേന്ദ്രസര്‍വീസില്‍ ഡപ്യൂട്ടേഷനിലാണ് ഇപ്പോള്‍ അരുണ്‍ കുമാര്‍ സിന്‍ഹ. ബറ്റാലിയന്‍ എഡിജിപിയാണ് സുധേഷ്‌കുമാര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.