തിരുവനന്തപുരം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മരിച്ച സംഭവം അന്വേഷിക്കാൻ സർക്കാർ തീരുമാനം. ഇതിനായി വിദഗ്ധ സമിതിയെ ആരോഗ്യവകുപ്പ് നിയോഗിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടാണ് സമിതിയുടെ ചെയര്‍മാന്‍. അനസ്‌തേഷ്യ, മെഡിസിന്‍, സര്‍ജറി വിഭാഗം മേധാവികളും സമിതിയിലുണ്ട്. 48 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

അതേസമയം മുരുകന്റെ മരണം അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ച് എസിപി അശോകന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നിയമോപദേശം തേടും. കോടതിവിധികള്‍ തടസുമുണ്ടോ എന്നാണ് ആരായുകഅറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണസംഘം അറിയിച്ചു. മുരുകന്‍ മരിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്.

തിരുനെൽവേലി സ്വദേശി മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ അഞ്ച് ആശുപത്രികൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ റെക്കോർഡുകൾ പരിശോധിച്ച് പോലീസ് ജീവനക്കാരെ ചോദ്യം ചെയ്തു.

കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികളുടെ വീഴ്ചകൾ അന്വേഷണത്തിന്‍റെ തുടക്കത്തിൽതന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഈ ആശുപത്രികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഡോക്ടർമാർ ഉൾപ്പടെയുള്ളവരുടെ അറസ്റ്റും ഉണ്ടായേക്കുമെന്നാണ് വിവരം. പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.

ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍, പിന്നാലെ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഏഴ് മണിക്കൂറോളം ആംബുലന്‍സില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്റര്‍ ലഭ്യമായില്ല. നാട്ടുകാരും ട്രാഫിക് വൊളന്റിയർമാരും ചേർന്നു മുരുകനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു മടക്കി.

ഇവിടെനിന്നു വെന്റിലേറ്ററുള്ള ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞു തിരിച്ചയച്ചു. തിരികെ വന്നു കൊല്ലം നഗരത്തിലെ പല സ്വകാര്യ ആശുപത്രികളിലും കൊണ്ടുപോയെങ്കിലും ഒപ്പം ബന്ധുക്കളാരും ഇല്ലെന്നും വെന്റിലേറ്റർ ഒഴിവില്ലെന്നും പറഞ്ഞു തിരിച്ചയയ്ക്കുകയായിരുന്നു. തുടർന്നു കൊല്ലം ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും പുലർച്ചെ ആറിനു മരിച്ചു. പശുക്കറവ ജോലിക്കായാണ് മുരുകനും സുഹൃത്തും കൊല്ലത്തെത്തിയത്.

മുരുകന്റെ കുടുംബത്തോട് കേരളത്തിന് വേണ്ടി മാപ്പുചോദിക്കുന്നുവെന്ന് മുഖ്യമന്ത്രി സഭയില്‍ ഇന്നലെ അറിയിച്ചിരുന്നു. അഞ്ച് ആശുപത്രികളില്‍ നിന്നും ചികിത്സ കിട്ടാത്തത് അതിക്രൂരമാണ്. നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്. ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മ്മാണം വേണമെങ്കില്‍ അതുംചെയ്യും. ഇനിയൊരു ദാരുണ സംഭവം ഉണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ആശുപത്രികളില്‍ നിന്നും ചികിത്സ നിഷേധിച്ച സംഭവം ഗുരുതര വീഴ്ചയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും നിയമസഭയില്‍ വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററുകള്‍ ഒഴിവില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ