കൊച്ചി: കൂട്ടിയ ബസ് നിരക്ക് പുനഃസ്ഥാപിച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. സർവീസ് നഷ്ടത്തിലാണന്ന ബസുടമകളുടെ വാദം അടിസ്ഥാന രഹിതമാണെന്നാണ് സർക്കാർ വാദം. കേന്ദ്ര സർക്കാരിന്റെ ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ കണക്കിലെടുത്ത് സർവീസിന് അനുമതി നൽകിയപ്പോഴാണ് 50 ശതമാനം നിരക്ക് വർധന അനുവദിച്ചത്. ഇളവുകൾ അനുവദിച്ചതോടെ നിയന്ത്രണങ്ങൾ ഇല്ലാതായെന്നും മുഴുവൻ സീറ്റിലും യാത്രാനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

സർവീസ് നഷ്ടത്തിലാണെന്ന വാദത്തിൽ കഴമ്പില്ല. കെഎസ്ആർടിസിയും പഴയ നിരക്കിലാണ് സർവീസ് നടത്തുന്നത്. സ്വകാര്യ ബസുകൾക്ക് ജൂൺ വരെ നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. ബസുടമകളുടെ നിവേദനം നിരക്ക് പരിഷ്കരണ കമ്മിഷന് കൈമാറിയിട്ടുണ്ടന്നും കമ്മീഷൻ ഹിയറിങ് ആരംഭിച്ചതായും സർക്കാർ അപ്പീലിൽ വ്യക്തമാക്കി.

Read Also: വർധിപ്പിച്ച ബസ് നിരക്ക് തൽക്കാലം തുടരണമെന്ന് ഹൈക്കോടതി; സർക്കാർ നടപടിക്ക് സ്റ്റേ

നിരക്ക് വർധന പിൻവലിച്ച ഉത്തരവിനെതിരെ ബസുടമ ജോൺസൺ പയ്യപ്പിള്ളി സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബഞ്ച് കൂട്ടിയ നിരക്ക് ഈടാക്കാൻ അനുമതി നൽകിയത്. നിരക്ക് വർധന പിൻവലിച്ചതു മൂലം സർവീസ് നടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ബസുകളിൽ സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി നിരക്ക് സർക്കാർ 50 ശതമാനം കൂട്ടിയിരുന്നു. ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പിന്നീട് നിരക്ക് കുറച്ച് ഉത്തരവിറക്കി
.
നിരക്ക് സംബന്ധിച്ച് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയിട്ടുള്ള നിവേദനം ജസ്റ്റിസ് എം.രാമചന്ദ്രൻ കമ്മിറ്റി പഠിച്ച് സർക്കാരിന് റിപ്പോർ‍ട് നൽകണം. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ തീരുമാനമെടുക്കണം. അതുവരെ സ്റ്റേ നിലനിൽക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.