തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകള്‍ പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ ആവശ്യത്തിന് പ്രത്യേക കമ്പനി രൂപീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും ഇതിന്‍റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും.

തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ഇതിന്‍റെ നടപടികള്‍ അവലോകനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ എല്ലാ കോര്‍പ്പറേഷനുകളിലും ആധുനിക അറവുശാലകള്‍ സ്ഥാപിക്കണമെന്ന് യോഗത്തില്‍ നിര്‍ദേശിച്ചു. 11 അറവുശാലകള്‍ക്ക് 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുളളത്. കിഫ്ബിയില്‍നിന്നുളള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോള്‍ പതിനയ്യായിരത്തിലധികം അറവുശാലകള്‍ ഉണ്ട്. എന്നാല്‍ ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങള്‍ ഇല്ല. ആധുനിക അറവുശാലകള്‍ക്കുളള പദ്ധതി ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്.
നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ മണലിന്‍റെ ലഭ്യത ഇറക്കുമതിയിലൂടെ ഉറപ്പുവരുത്താനും ഇന്ന് ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. മണലിന്‍റെ കടുത്ത ദൗര്‍ലഭ്യവും അമിതമായി മണല്‍ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്.

വിദേശത്തുനിന്ന് മണല്‍കൊണ്ടുവരുന്നതിന് ഇപ്പോള്‍ നിയമപരമായ തടസ്സങ്ങളൊന്നും ഇല്ല. കൊച്ചി തുറമുഖം വഴി മണല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പെര്‍മിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാന്‍ താല്പര്യമുളളവര്‍ക്ക് വകുപ്പ് പെര്‍മിറ്റ് നല്‍കും. മലേഷ്യ, വിയറ്റ്നാം, കംബോഡിയ മുതലായ രാഷ്ട്രങ്ങളില്‍ മണല്‍ വേണ്ടത്ര ലഭ്യമാണ്. കേരളത്തിന് ഒരു വര്‍ഷം 3 കോടി ടണ്‍ മണല്‍ ആവശ്യമുണ്ട്. ഇതിന്‍റെ ചെറിയ ശതമാനം മാത്രമേ പുഴകളില്‍നിന്ന് ലഭിക്കുന്നുളളു. ഇത് കാരണം നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധിയുണ്ട്. ദൗര്‍ലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോള്‍ ക്യുബിക് അടിക്ക് 140 രൂപ വരെ വിലയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ