തിരുവനന്തപുരം: ആട്ടിൻ തോലിട്ട ചെന്നായയായിരുന്നു ടിപി സെൻകുമാർ എന്നും തിരിച്ചറിയാൻ കേരളം അൽപം വൈകിയെന്നും കോൺഗ്രസ് നേതാവും എംപിയുമായ എംഐ ഷാനവാസ്. വര്‍ഗീയ പ്രസ്താവന നടത്തിയതിനും മത സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിനും ടിപി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്നും എംഐ ഷാനവാസ് ആവശ്യപ്പെട്ടു.

അന്ധമായ വര്‍ഗീയതയുടെ തടവറയിലാണ് സെന്‍കുമാറെന്നും സംഘപരിവാറിന് വേണ്ടിയാണ് സെന്‍കുമാര്‍ പ്രസ്താവനയിറക്കുന്നതെന്നും ഷാനവാസ് പറഞ്ഞു. അന്ധമായ വര്‍ഗീതയുടെ തടവറയില്‍ കഴിയുന്ന സെന്‍കുമാര്‍ തന്റെ യഥാര്‍ത്ഥ മേച്ചില്‍ പുറമായ ആര്‍എസ്എസിലേക്ക് ചേക്കേറുകയാണ് വേണ്ടത്. വിഷലിപ്തമായ മനസ്സിന് ഉടമയായ ആട്ടിന്‍ തോലണിഞ്ഞ ചെന്നായയെ തിരിച്ചറിയാന്‍ കേരളം അല്‍പ്പം വൈകിപ്പോയി. ആണും പെണ്ണും പരസ്പരം സ്നേഹിക്കുന്നതിലെ ഒരു ഭാഗം ഊതി വീര്‍പ്പിക്കുന്ന ആര്‍എസ്എസ് അജണ്ടയാണ് സെന്‍കുമാര്‍ പ്രചരിപ്പിക്കുന്നതെന്നും എംഐ ഷാനവാസ് എംപി കുറ്റപ്പെടുത്തി.

Also Read: ‘അയാള്‍ മറ്റാളുകളുടെ കയ്യിലാണ്’; മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് ആഷിഖ് അബു

കേരളത്തില്‍ നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലിം കുട്ടികളാണെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു. ജനസംഖ്യ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ ഏതു രീതിയിലുള്ള മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന ചോദ്യവും സെന്‍കുമാര്‍ ഉയർത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റും ആര്‍എസ്എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നും ടിപി സെന്‍കുമാര്‍ ഒരു അഭിമുഖത്തിൽ പറയുന്നു. മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്എസ് ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു സെൻകുമാറിന്റെ വാദം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ