പാലക്കാട്: ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കർ കോളനിയിൽ വാർത്തകളിൽ പറയുന്നത് പോലെ പ്രശ്നമില്ലെന്ന് എംബി രാജേഷ് എംപി. ഇരു സമുദായംഗങ്ങളെയും നേരിട്ട് കണ്ട് സംസാരിച്ച ശേഷം ഇന്നലെ വൈകിട്ടാണ് അദ്ദേഹം ഇക്കാര്യം തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചെറിയ പ്രശ്നം പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് വലുതാക്കിയതാണെന്ന് എംപി ഫെയ്സ്ബുക്കിൽ കുറിച്ചു.

“ഒന്നര മാസം മുമ്പ് വ്യത്യസ്ത ജാതികളിൽപെട്ട യുവതിയും യുവാവും പ്രണയിച്ച് വിവാഹിതരായതോടെയാണ് കലഹവും സംഘർഷവും ആരംഭിച്ചത്. അതിന്റെ ഫലമായുണ്ടായ വാശിയും വിദ്വേഷവുമാണ് ഒറ്റപ്പെട്ട പ്രശ്‌നങ്ങളെ അയിത്തവും തൊട്ടുകൂടായ്മയുമായി പർവ്വതീകരിക്കാൻ ഇടയാക്കിയത്. അവസരം മുതലെടുത്ത് രാഷ്ട്രീയനേട്ടമുണ്ടാക്കാൻ ശ്രമിച്ച ചില ശക്തികൾ നിർഭാഗ്യവശാൽ പ്രശ്‌നം ആളിക്കത്തിക്കാനുള്ള ഇടപെടലാണ് നടത്തിയത്” എന്ന് എം.പി ഫെയ്സ്ബുക്കിലെ തന്റെ അക്കൗണ്ടിൽ കുറിച്ചു.

നെന്മാറ നിയമസഭാമണ്ഡലത്തിലെ തമിഴ്‌നാട് അതിർത്തിയോട് ചേർന്നാണ് ഈ കോളനി. ജാതീയമായ അയിത്തവും തൊട്ടുകൂടായ്മയും ഇവിടെ നിലനിൽക്കുന്നതായി സോഷ്യൽ മാധ്യമങ്ങളിൽ വാർത്ത പരന്നിരുന്നു. പിന്നാലെ ചലച്ചിത്ര താരം സന്തോഷ് പണ്ഡിറ്റ് ഇവിടെയെത്തുകയും പിന്നാക്ക സമുദായത്തിലെ കുടുംബങ്ങൾക്ക് സഹായം നൽകുകയും ചെയ്തു.

ഇതേ സമയം തന്നെ വിഷയത്തിൽ സിപിഎം നെന്മാറ എംഎൽഎ നടത്തിയ രാഷ്ട്രീയ വിശദീകരണ പ്രസംഗം സമുദായംഗങ്ങളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും വാർത്ത പരന്നിരുന്നു. എന്നാലിത് കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ജില്ലയിലെ ഇടതുമുന്നണി നേതാക്കൾക്കും എംഎൽഎ മാർക്കും ഒപ്പമാണ് എംപി ഗോവിന്ദാപുരം കോളനിയിൽ എത്തിയത്.

ആളുകൾക്കിടയിലുണ്ടാകുന്ന ഏത് തർക്കത്തിനും ജാതിയുടെ നിറമുണ്ടാക്കുന്ന ഒരു സ്ഥിതിയിവിടെയുണ്ട്. എന്നാൽ, ടാങ്കിൽ നിന്ന് വെള്ളമെടുക്കുന്നതിനും ചായക്കടയിലും അയിത്തം പുലർത്തുന്നു എന്നത് അതിശയോക്തിപരമായ പ്രചരണമായിരുന്നു. സ്‌ക്കൂളിലും അംഗനവാടിയിലുമെല്ലാം ജാതീയമായ വേർതിരിവില്ലാതെ കുട്ടികൾ ഒരുമിച്ചിരുന്നു പഠിക്കുന്നു എന്നതും പ്രചരണങ്ങൾ അതിശയോക്തിപരമാണ് എന്നതിന് തെളിവാണ്.

ഗോവിന്ദാപുരത്ത് ഒരു ചായക്കടയിൽ മാത്രം ജാതീയമായ ചില പ്രശ്‌നങ്ങൾ ഉണ്ടെന്നാണ് പരാതി. മറ്റ് ചായക്കടകളിലൊന്നും ജാതീയമായ പ്രശ്നങ്ങളില്ല. ചക്ലിയ സമുദായത്തിൽപ്പെട്ട കാളിമുത്തു എന്ന യുവാവ്, താൻ വർഷങ്ങൾക്കു മുമ്പ് മിശ്ര വിവാഹിതനായതാണെന്നും തനിക്കിതുവരെ ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ലെന്നും പറഞ്ഞതായി എംപി കുറിച്ചു.

ക്ഷേത്രപരിസരത്ത് കഴിയുന്ന പരാതിക്കാരെ എംപിയും സംഘവും ചെന്ന് കണ്ടു. ഇവർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ പൂർണ്ണസംരക്ഷണവും അവരുന്നയിച്ച വീട്, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്ക് സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ പരിഹാരവും ഉറപ്പു കൊടുത്തു. ഇതോടെ ഇവർ വീടുകളിലേക്ക് മടങ്ങാൻ തയ്യാറായി എന്നും എംപി പറഞ്ഞു.

19 ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഇരു സമുദായ നേതാക്കളെയും എംപി ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ മറ്റ് ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിച്ച് പ്രദേശത്തിന്റെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റിന്റെ പൂർണ്ണരൂപം

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ