തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്ക് കൂടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥിനും ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പി.എം. മുബാറക് പാഷയ്ക്കുമാണ് നോട്ടീസ് അയച്ചത്.
കെടിയു കേസിലെ വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസിക്കും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിക്കും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നത്. ഇരുവരുടെയും നിയമനത്തില്‍ യുജിസി ചട്ടലംഘനമുണ്ടായിട്ടുണ്ടെന്ന് രാജ്ഭവന്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ നാലിനകം വിശദീകരണം നല്‍കണമെന്നാണ് ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നത്. സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നീക്കം.
സര്‍ക്കാര്‍ വി.സിയുടെ പേര് നിര്‍ദേശിക്കുകയും ഗവര്‍ണറുടെ അംഗീകരിച്ചതിന് ശേകമായിരുന്നു നിയമനം. സാധാരണ പുതിയ സര്‍വകലാശാല രൂപവത്കരിക്കുമ്പോള്‍ ഈ രീതിയില്‍ തന്നെയാണ് നിയമനം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ നിയമനങ്ങളെ ചോദ്യം ചെയ്യാം.
ഇരു സര്‍വകലാശാലകള്‍ക്കും യുജിസിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വി.സിമാരെ കണ്ടെത്തുന്ന നടപടിയലേക്ക് ഗവര്‍ണര്‍ പോകുന്നത്.
എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ (കെ ടി യു) വൈസ് ചാന്‍സലര്‍ ഡോ. എം എസ് ജശ്രീയുടെ നിയമനം കഴിഞ്ഞ ദിവസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഈ വിധി ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനത്തെ ഒമ്പതു വൈസ് ചാന്‍സലര്‍മാര്‍ രാജിവയ്ക്കണമെന്ന് ഗവർണർ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
കേരള, എംജി, കണ്ണൂര്‍, കുസാറ്റ്, കെടിയു, കാലടി, കാലിക്കറ്റ്, മലയാളം വാഴ്‌സിറ്റി വിസിമാരോട് തിങ്കളാഴ്ച രാവിലെ 11.30നകം രാജിവയ്ക്കാനായിരുന്നു ഗവർണറുടെ നിർദേശം. ഇതിനെതിരെ വി സിമാർ നല്‍കിയ ഹര്‍ജിയില്‍, ചാന്‍സലര്‍ പുതിയ തീരുമാനം എടുക്കുന്നതു വരെ വിസിമാര്‍ക്ക് തത്കാലം തുടരാമെന്നു ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
ഗവര്‍ണര്‍ തിടുക്കത്തില്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് ശരിയായില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. വിസിമാരുടെ വാദങ്ങള്‍ ചാന്‍സലര്‍ പരിഗണിക്കണം. രാജിവയ്ക്കണമെന്ന് പറയാന്‍ മറ്റൊരാള്‍ക്ക് അവകാശമില്ല. വിസി മാരുടെ എല്ലാ വാദങ്ങളും ചാന്‍സലര്‍ പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
രാജിവയ്ക്കാത്ത വിസി മാര്‍ക്ക് വിശദീകരണം നല്‍കാന്‍ പത്ത് ദിവസം ഗവര്‍ണര്‍ സമയം നല്‍കിയിരുന്നു. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ ഉടൻ രാജിവയ്ക്കണമെന്ന കത്ത് അസാധുവായെന്നു കോടതി നിരീക്ഷിച്ചു. നിയമപ്രകാരം മാത്രമേ വി സിമാർക്കെതിരെ നടപടി പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.