തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നപടി. സെനറ്റിലെ 15 അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചു. ചാന്‍സലറെന്ന നിലയില്‍ അദ്ദേഹം നോമിനേറ്റ് ചെയ്തവരെയാണു പിന്‍വലിച്ചത്.
വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു കേരള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്നവരെയാണു ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.
15 അംഗങ്ങള്‍ ശനിയാഴ്ച മുതല്‍ അയോഗ്യരാണെന്നു കാണിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന് പിള്ളയ്ക്കു ഗവര്‍ണര്‍ കത്ത് നല്കി. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
91 അംഗങ്ങളുള്ള സെനറ്റില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ 13 പേര് മാത്രമാണു കഴിഞ്ഞദിവസത്തെ യോഗത്തിന് എത്തിയത്. പ്രോ വൈസ് ചാന്‍സലര്‍ ഡോ. വി പി അജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പ്രോ വി സി സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമപരമായി ബാധ്യതയുള്ളയാളാണ്. അദ്ദേഹം ഓഫിസില്‍ എത്തിയിരുന്നു.
ഭരണപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്കരിച്ചതോടെ ക്വാറം തികയാത്തതിനാല്‍ യോഗം നടന്നില്ല. ക്വാറം തികയാന്‍ 19 പേരാണു പങ്കെടുക്കേണ്ടിയിരുന്നത്. 10 പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നു.
നിലവിലെ വി സിയുടെ കാലാവധി 24-നു പൂര്‍ത്തിയാവും. ഈ സാഹചര്യത്തിലാണു വി സി നിര്‍ണയത്തിനുള്ള സമിതിയിലേക്കു സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെ വി സി നിയമത്തില്‍ ഗവര്‍ണര്‍ ഇനി എങ്ങനെ നീങ്ങുമെന്നതു സര്‍ക്കാരിനു നിര്‍ണായകമാവും.
അതിനിടെ, ഗവണറുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ഇന്നു രാവിലെ മുതല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി രാജ് ഭവന് അറിയിക്കുകയായിരുന്നു. ഇക്കാര്യം ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയാണു രാജ്ഭവന് അറിയിച്ചത്. വിഷയം ഫേസ്ബുക്കിനു റിപ്പോര്‍ട്ട് ചെയ്തതായും പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാജ് ഭവന് പി ആര് ഒ ട്വിറ്ററില്‍ കുറിച്ചു.