തിരുവനന്തപുരം: സംസ്ഥാനത്തിനെതിരെ ദേശീയതലത്തിൽ കുപ്രചാരണം നടത്തുന്നുവെന്ന് നയപ്രഖ്യാപത്തിൽ ചൂണ്ടിക്കാണിച്ച് ഗവർണർ. കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളിൽ ചിലതൊഴിവാക്കി ഗവർണർ നയപ്രഖ്യാപനം പൂർത്തിയാക്കി. നോട്ട് നിരോധനവും ജിഎസ്‌ടിയും സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥയ്ക്ക് തിരിച്ചടിയായി എന്ന് പ്രഖ്യാപിച്ച ഗവർണർ ഫെഡറിലസത്തെ കുറിച്ചുളള പരാമർശങ്ങളാണ് ഒഴിവാക്കിയത്. എന്നാൽ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ നേരത്തെ അച്ചടിച്ച നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഗവർണർ ഒഴിവാക്കിയത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമർശനങ്ങൾ വായിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിലെ നയപ്രഖ്യാപനമാണ് ഗവർണർ റിട്ട. ജസ്റ്റിസ് പി. സദാശിവം നടത്തിയതാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. സംസ്ഥാന സർക്കാരിനെ മറികടന്ന് കേന്ദ്ര ഇടപെടലുകൾ നടത്തുന്നുവെന്ന പരാമർശം, വർഗീയ സംഘടനകളുടെ കാര്യത്തെ കുറിച്ചുളള പരാമർശങ്ങളുമാണ് ഗവർണർ ഒഴിവാക്കിയത്.

ചിലഭാഗങ്ങൾ നയപ്രഖ്യാപന പ്രസംഗം നടത്തുമ്പോൾ പലപ്പോഴും ഗവർണർമാർ ഒഴിവാക്കാറുണ്ടെങ്കിലും ഇത്തവണ ഒഴിവാക്കിയിട്ടുളള ഭാഗങ്ങൾ വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങളിലേയ്ക്ക് വഴിയൊരുക്കിയേക്കുമെന്നാണ് വിലയിരുത്തപ്പെടുത്തുന്നത്. സംസ്ഥാന സർക്കാരിനെ മറികടന്ന് കേന്ദ്ര ഇടപെടൽ ഫെഡറിലസത്തെ അട്ടിമറിക്കുന്ന കേന്ദ്ര ഇടപെടൽ എന്നീ ഭാഗങ്ങളാണ് ഗവർണർ ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. സഹകരണ ഫെഡറിലസത്തെ കേന്ദ്രം അട്ടിമറിക്കുന്നു കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നു എന്നതും വായിച്ചില്ല.

നയപ്രഖ്യാപനത്തിൽ ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ ഈ ഭാഗത്തുളളതാണ്

കേരളത്തിൽ ചില വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിൽ പോലും നമ്മുടെ സംസ്ഥാനത്ത് യാതൊരു തരത്തിലുളള വർഗീയ ലഹളയും ഉണ്ടായിട്ടില്ല. എന്ന നയപ്രഖ്യാപനത്തിലെ വാചകത്തിൽ വർഗീയ സംഘടനകൾ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും എന്നത് ഒഴിവാക്കി കേരളത്തിൽ വർഗീയ ലഹള ഉണ്ടായിട്ടില്ലെന്നാണ് ഗവർണർ വായിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സഹകരണ ഫെഡറലിസത്തെ അട്ടിമറിച്ച്, സംസ്ഥാന സർക്കാരിനെ മറികടന്നുകൊണ്ട് ജില്ലാ ഭരണാധികാരികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുളള കേന്ദ്ര സർക്കാരിന്രെ പ്രവണത നമ്മെ അസ്വസ്ഥരാക്കുന്നുണ്ട് എന്ന നയപ്രഖ്യാപനത്തിലെ വാചകം  ഗവർണറുടെ പ്രസംഗത്തിൽ നിന്നും  പൂർണമായും ഒഴിവാക്കപ്പെട്ടു.

ബജറ്റ് 2018 ഫെബ്രുവരി രണ്ടിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഫെബ്രുവരി ഏഴിന് സഭയുടെ ഈ സെഷൻ സമാപിക്കും.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.