തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. കോളേജിലെ സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണര്‍ പി.സദാശിവം റിപ്പോര്‍ട്ട് തേടി. പരീക്ഷ നടത്തിപ്പിലെ വീഴ്ചകളെ കുറിച്ചും റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള സർവകലാശാല വൈസ് ചാന്‍സലറോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ സംഭവവികാസങ്ങള്‍ അറിയിക്കാനാണ് പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കാണുന്നത്. പ്രതികളുടെ വീട്ടില്‍ നിന്നും യൂണിയന് ഓഫീസില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയ കാര്യവും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ചെന്നിത്തലയുടെ ഓഫീസ് അറിയിച്ചു.
Read Also: കയ്യിലെ മുറിവിന് കിടത്തി ചികിത്സ വേണമെന്ന് ശിവരഞ്ജിത്ത്; വേണ്ടെന്ന് കോടതി
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിൽ പ്രതികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതായി പൊലീസ് പറയുന്നു. കോളേജിന് പുറത്തുനിന്നുള്ളവരും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടതായാണ് സൂചന. പ്രതികളില്‍ 16 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായ പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മുഖ്യപ്രതിയായ ശിവരഞ്ജിത്തിന്റെ ആവശ്യം കോടതി തള്ളി. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈക്ക് പരുക്കേറ്റുവെന്നും കിടത്തി ചികിത്സ വേണമെന്നും ശിവരഞ്ജിത് കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി തള്ളി. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
യൂണിവേഴ്സിറ്റി കോളേജിലെ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്തിയ കേസിലെ പ്രതികളായ ശിവരഞ്ജിത്, നസീം, ആരോമല്‍, ആദില്‍, അദ്വൈത് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ശിവരഞ്ജിത് കിടത്തി ചികിത്സ ആവശ്യപ്പെട്ടത്. എന്നാല്‍, കയ്യിലെ പരുക്കിന് കിടത്തി ചികിത്സ വേണ്ടെന്ന് കോടതി പറയുകയായിരുന്നു. വിദ്യാർഥികൾക്ക് ജാമ്യം നൽകിയാൽ കലാലയത്തിൽ വീണ്ടും കലാപമുണ്ടാകുമെന്ന് കോടതിയില്‍ പൊലീസ് വാദിച്ചു.