തിരുവനന്തപുരം: മാഹിയിലുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനോട് ഗവർണർ റിപ്പോർട്ട് തേടി. സംഭവം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചാണ് രാജ്ഭവന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എന്ത് നടപടികൾ സ്വീകരിച്ചുവെന്ന് അറിയിക്കാനാണ് ഗവർണർ പി.സദാശിവം മുഖ്യമന്ത്രിയുടെ ഓഫീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങൾ അറുതിയില്ലാതെ തുടരുന്നതിലുള്ള ആശങ്കയും ഗവർണർ സർക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന തകർച്ചയുണ്ടോയെന്ന് വ്യക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തിങ്കളാഴ്ച രാത്രിയാണ് മാഹിയിൽ ന്യൂമാഹിയിലും രാഷ്ട്രീയ കൊലപാതകം നടന്നത്. സിപിഎം പ്രാദേശിക നേതാവ് ബാബുവും ആർഎസ്എസ് പ്രവർത്തകനായ ഷമേജുമാണ് മരിച്ചത്. ബാബുവിനെ പത്തംഗ സംഘവും ഷമേജിനെ എട്ടംഗ സംഘവുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്.