തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമേയത്തില്‍ യുഡിഎഫ് ഉറച്ചുനില്‍ക്കുന്നു. ഗവര്‍ണര്‍ ബിജെപിയുടെ മെഗഫോണായി മാറി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സര്‍ക്കാരിന് ആത്മാര്‍‌ഥതയുണ്ടെങ്കില്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും ചെന്നിത്തല മാഹിയിൽ പറഞ്ഞു.

ഗവർണർക്കെതിരായ പ്രമേയത്തിലൂടെ തന്റെ ഉത്തരവാദിത്തമാണ് ചെയ്‌തത്. പിണറായി വിജയൻ ഗവർണർക്കെതിരെ പറയുന്നത് കേൾക്കാൻ കാത്തിരുന്നു. എന്നാൽ, മുഖ്യമന്ത്രിയിൽ നിന്ന് അങ്ങനെയൊരു പ്രതികരണമുണ്ടായില്ല. അപ്പോഴാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ താൻ ഉത്തരവാദിത്തം നിറവേറ്റിയതെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ഷഹീൻ ബാഗിലെ പ്രതിഷേധക്കാർ നിങ്ങളെ ബലാത്സംഗം ചെയ്യും; ബിജെപി എം

ഗവർണർക്കെതിരായ പ്രമേയത്തെ ഭരണപക്ഷം പിന്തുണയ്ക്കുമോയെന്ന് വ്യക്തമല്ല. എന്നാൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍നിന്ന് ഒഴിവാക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഗവർണറെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് സർക്കാർ ഗവർണർക്ക് മറുപടി നൽകി. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താനാവില്ലെന്ന് സർക്കാർ ഗവർണറെ അറിയിച്ചു.

സർക്കാർ നിലപാട് ഭരണഘടനാവിരുദ്ധമല്ല. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ ആശങ്കയാണുള്ളത്. ഇത് മനസിലാക്കുകയും പ്രതിഫലിപ്പിക്കുകയുമാണ് സർക്കാർ ചെയ്‌തതെന്നും ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ പറയുന്നു. ഗവർണറുമായി മനപൂർവം ഭിന്നത സൃഷ്ടിക്കാൻ ശ്രമച്ചിട്ടില്ലെന്നും സർക്കാർ നൽകിയ വിശദീകരണത്തിൽ പറയുന്നു.

Read Also: അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് അപ്‌ലോഡ് ചെയ്തത് 25,000 ചൈൽഡ് പോൺ വീഡിയോകൾ

അതേസമയം, ഗവർണറെ നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിക്കേണ്ടെന്ന നിലപാടാണ് സർക്കാരിന്. ഗവർണർ-സർക്കാർ പോര് രൂക്ഷമാകാൻ അതു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. പ്രമേയം ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.