തിരുവനന്തപുരം​: സംസ്ഥാനത്തെ ജയിലുകളിൽ തടവിൽ കഴിയുന്ന 1850 തടവുകാരെ മോചിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശിപാർശ ഗവർണർ പി.സദാശിവം മടക്കി. തടവുകാരെ മോചിപ്പിക്കാനുള്ള കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടാണ് ഗവർണറുടെ നടപടി.

രാഷ്ട്രീയ കൊലപാതക കേസുകളിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരുൾപ്പടെയുള്ളതാണ് പട്ടിക. ജയിൽ ഉപദേശക സമിതിയുടെ അഭിപ്രായം പരിഗണിച്ചാണ് ആഭ്യന്തര വകുപ് തടവുകാരുടെ പട്ടിക തയ്യാറാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ സുപ്രീം കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചോയെന്ന് വ്യക്തമായില്ല. ഇതേ തുടർന്നാണ് ഗവർണർ കത്ത് ഒപ്പിടാതെ മടക്കിയത്.

ശിക്ഷാ കാലാവധി പൂർത്തിയാകും മുൻപ് ഏതെങ്കിലും തടവുകാരനെ വിട്ടയക്കണമെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതുണ്ട്. തടവുകാരന്റെ മനോ നില, നല്ല നടപ്പ് എന്നിവ തൃപ്തികരമാണോയെന്ന് പ്രത്യേകം വിശകലനം ചെയ്യണം. എന്നാൽ ആഭ്യന്തര വകുപ്പ് നൽകിയ 1850 പേരുടെ പട്ടികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നില്ല. ഇത്രയും പേരെ ഒരുമിച്ച് സ്വതന്ത്രരാക്കാനുള്ള ശുപാർശയും ആദ്യമാണ്.

കഴിഞ്ഞമാസം പൂജപ്പുരയിലെ ജയിലിൽ നിന്ന് 13 പേരുൾപ്പടെ 19 തടവുകാരെ 14 വർഷം ശിക്ഷ പൂർത്തിയാക്കിയതിനെ തുടർന്ന് വിട്ടയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ