ന്യൂഡല്‍ഹി: എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാര്‍ച്ചില്‍ പങ്കെടുത്ത് 25,000 പേരാണെന്നും കേരളത്തില്‍ മൂന്നരകോടി ജനങ്ങളുണ്ടെന്നും ബാക്കി ജനം തനിക്കൊപ്പമാണെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലെയും സര്‍വകലാശാലകള്‍ യുജിസി ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നുവെന്നും എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കും. ഭരണഘടനാ പ്രതിസന്ധിയുണ്ടായാല്‍ ഇടപെടും ഭാഗ്യവശാല്‍ കേരളത്തില്‍ അത്തരം സാഹചര്യങ്ങളില്ല. സര്‍ക്കാരിന്റെ കാര്യങ്ങളില്‍ ഇപ്പോള്‍ ഇടപെടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
കെ.ടി.യു. വി.സി. നിയമനത്തില്‍ സുപ്രീംകോടതി ഉത്തരവ് ആ സര്‍വകലാശാലയ്ക്ക് മാത്രമേ ബാധകമാവുകയുള്ളൂ എന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍, ഈ വിധി എല്ലാ സര്‍വകലാശാലകള്‍ക്കും ബാധകമാണെന്നാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.
സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കുഫോസ് വി.സി. നിയമനത്തില്‍ ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധിയാണ് ലഭിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ഗവണര്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ നിലപാട് ഹൈക്കോടതി ഉത്തരവിലൂടെ സ്ഥിരീകരിക്കപ്പെട്ടയായും ശേഷിക്കുന്ന സര്‍വകലാശാലകളുടെ വി.സി. നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഗവര്‍ണര്‍ സൂചിപ്പിച്ചത്. ഗവര്‍ണറെ സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്നും നീക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും ഗവര്‍ണര്‍ സൂചന നല്‍കി.