scorecardresearch
Latest News

സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം; വിശദമായി പരിശോധിക്കുമെന്ന് ഗവര്‍ണര്‍

സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തണമെന്നാണ് ഗവര്‍ണറോട് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തിരിക്കുന്നത്

Arif Muhammad Khan

തിരുവനന്തപുരം: സജി ചെറിയാന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച് വിശദമായി പരിശോധന നടത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുനഃപ്രവേശം മുഖ്യമന്ത്രിയില്‍നിന്ന് അറിയിപ്പ് കിട്ടി ഭരണഘടനയുടെ അന്തസിനെ അപമാനിച്ചു എന്നതാണ് സജി ചെറിയാനെതിരായ കേസ്. കേസിന്റെ പുരോഗതിയില്‍ എന്തു മാറ്റമുണ്ടായെന്നു പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടല്ലേ അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടി വന്നത്. വിഷയത്തില്‍ കഴമ്പുണ്ടെന്ന് കണ്ടല്ലേ മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. ഈ സാഹചര്യം മാറിയോ എന്നു പരിശോധിക്കും. ഇക്കാര്യത്തില്‍ നിയമവിദഗ്ധരുമായി ആലോചിക്കും. നിയമോപദേശം തേടുന്നത് സ്വാഭാവിക നടപടിയെന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് നിയമോപദേശം തേടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാര്‍ശ തള്ളാന്‍ കഴിയില്ലെന്ന നിയമോപദേശമാണ് ഗവര്‍ണര്‍ക്ക് ലഭിച്ചത്. ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തത തേടാവുന്നതാണെന്നും ഗവര്‍ണറോട് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വ്യക്തമാക്കി. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തണമെന്നാണ് ഗവര്‍ണറോട് മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സജി ചെറിയാനെ തിരിച്ച് മന്ത്രിസഭയിലേക്കെടുക്കാമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനിച്ചത്. പൊലീസ് റിപ്പോര്‍ട്ട് അനുകൂലമായ സാഹചര്യത്തിലാണ് സിപിഎം നീക്കം. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ സജി ചെറിയാന്റെ തിരിച്ചുവരില്‍ വ്യാപകമായ വിമര്‍ശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാരന്‍ പറ‍ഞ്ഞു. സജി ചെറിയാന്റെ പ്രസംഗം ഭരണഘടനാ ലംഘനമല്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാല്‍ പോരെന്നും സുധാകരന്‍ പറഞ്ഞു. സിപിഎം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു സജി ചെറിയാന്‍ ഭരണഘടനയ്ക്കെതിരെ വിമര്‍ശനം ഉന്നിയിച്ചത്. തൊഴിലാളി ചൂഷണത്തെ അംഗീകരിച്ച ഭരണഘടനയാണെന്നും ജനത്തെ കൊള്ളയടിക്കാൻ പറ്റിയ രീതിയിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നതെന്നും സജി ചെറിയാന്‍ പറഞ്ഞു. ജനാധിപത്യം മതേതരത്വം കുന്തം കുടച്ചക്രം എന്നൊക്കെ പേരിനു എഴുതി വച്ചിരിക്കുകയാണെന്നും ആക്ഷേപമുണ്ടായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governor might take a decision on saji cherians oath taking