തിരുവനന്തപുരം: ഗവര്‍ണറുടെ വിമാനയാത്ര ചെലവിന് 30 ലക്ഷം രൂപ അധികം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. സാമ്പത്തിക നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ഈ മാസം ഏഴിന് തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഡിസംബര്‍ 30ന് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പണം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
2022-23ലെ ബജറ്റില്‍ ഗവര്‍ണറുടെ യാത്രയ്ക്കായി അനുവദിച്ച തുക തീര്‍ന്നതോടെയാണ് അധികതുക അനുവദിച്ചത്. 25 ലക്ഷം വരെയുള്ള തുകകള്‍ ട്രഷറിയില്‍ നിന്നും മാറുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ ട്രഷറിയില്‍ നിന്നും ബില്ല് പാസാവുകയുള്ളു.
ഒഡെപെക് എന്ന സര്‍ക്കാര്‍ ഏജന്‍സി വഴിയാണ് ഗവര്‍ണര്‍ യാത്രകള്‍ക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഈ ഇനത്തില്‍ വന്ന 30 ലക്ഷം രൂപ നല്‍കണമെന്നായിരുന്ന രാജ്ഭവന്റെ ആവശ്യം. ഇത് പരിഗണിച്ച് ഈ മാസം ഏഴാം തീയതിയാണ് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
25 ലക്ഷത്തിന് മുകളിലുള്ള തുക പിന്‍വലിക്കുന്നതിന് നിലവില്‍ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ട്. ഇത് മറികടന്നാണ് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെയും ഗവര്‍ണറുടെ വിമാനയാത്രയ്ക്കായി സര്‍ക്കാര്‍ അധിക തുക അനുവദിച്ചിരിക്കുന്നത്.