തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തന കാലാവധി രണ്ടുവർഷമാക്കി ചുരുക്കി സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസിനെ സംബന്ധിച്ച പരാതികളിൽ സർക്കാരിനോട് ഗവർണർ  വിശദീകരണം തേടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി ജെപി സംസ്ഥാന പ്രസിഡന്ര് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡിലെ പ്രസിഡന്ര് പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ നൽകിയ പരാതിയിലാണ് ഗവർണർ  പി. സദാശിവം വിശദീകരിണം തേടിയത്.  പരാതികളിൽ ഗവർണർ വിശദീകരണം തേടിയിട്ടുണ്ടെന്നും അതിന് മറുപടി നൽകുമെന്നും ദേവസ്വം മന്ത്രി കടകം പളളി സുരേന്ദ്രന്രെ ഓഫീസ് വ്യക്തമാക്കി.

മണ്ഡലകാലം തുടങ്ങാനിരിക്കെ നടന്ന നീക്കത്തിനെതിരെ കോൺഗ്രസും ബിജെപിയും ഗവർണറെ കണ്ടിരുന്നു. മണ്ഡലകാലം തുടങ്ങാൻ നാല് ദിവസം മാത്രം ശേഷിക്കേ ദേവസ്വം ബോർഡ് പ്രസിഡന്റിനെയും അംഗത്തെയും പുറത്താക്കി പുറപ്പെടുവിച്ച ഉത്തരവ് ശബരിമലയിലെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടത്. ഇതേസമയം കുമ്മനവും രമേശ് ചെന്നിത്തലയും ഉന്നയിക്കുന്ന വാദങ്ങളെ തളളിക്കളയുകയാണ് സർക്കാർ. അടുത്തവർഷവും ഇതേ കാലയളവിലാണ് ബോർഡിന്രെ കാലാവധി കഴിയുക. എന്നാൽ അതിനാൽ തന്നെ മണ്ഡലകാലം തുടങ്ങാനിരിക്കെ ബോർഡ് പ്രസിഡന്റിനെ മാറ്റുക എന്നത് പറയുന്നത് പുതിയ കാര്യമല്ല. മുൻ ബോഡിന്രെ കാലവധി കഴിഞ്ഞതും ഇതേ സമയത്താണ്. അടുത്ത വർഷവും ഇതേ സമയമായിരിക്കും കാലാവധി കഴിയുക എന്നതുമാണ്. അതിനാൽ തന്നെ ഈ വാദം അനാവശ്യമാണെന്ന് ദേവസ്വംവകുപ്പ് വ്യക്തമാക്കുന്നു.  മാത്രമല്ല, ദേവസ്വം ബോർഡ് മാത്രമായല്ല, ശബരിമല തീർത്ഥാടനകാലത്തെ കാര്യങ്ങൾ ചെയ്യുന്നതെന്നും കേരളത്തിലെ നിരവധി വകുപ്പുകളും അയൽ സംസ്ഥാനങ്ങളും ഒക്കെ ഇതുമായി സഹകരിക്കുന്നുണ്ടെന്നും ദേവസ്വം വകുപ്പ് വിശദീകരിക്കുന്നു.

കഴിഞ്ഞ മന്ത്രിസഭാ യോഗമാണു ഓർഡിനൻസ് തയ്യാറാക്കി ഗവർണർക്ക് അയച്ചത്. ബോർഡ് പ്രസി‍ഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവർ രണ്ടുവർഷം കാലാവധി പൂർത്തിയാക്കാനിരിക്കെയാണ് 1950ലെ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്യാൻ സർക്കാർ നീക്കം നടത്തിയത്.

കോൺഗ്രസ് നേതാക്കളായ പ്രയാറും അജയ് തറയിലും ഒരേ ദിവസമാണു ചുമതലയേറ്റത്. അതേസമയം, സിപിഎം നോമിനിയും എംഎൽഎ മാരുടെ പ്രതിനിധിയുമായ കെ.രാഘവൻ ബോർഡ് അംഗമായിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. പട്ടിക വിഭാഗത്തിൽപ്പെട്ട അംഗമാണ് ഇദ്ദേഹം.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.