തിരുവനന്തപുരം: കർഷക നിയമത്തിനെതിരെ നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവര്ണര് അനുമതി നിഷേധിച്ചു. പാർലമെന്റ് പാസാക്കിയ കർഷക നിയമത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാനിരിക്കെയാണ് ഗവർണർ അനുമതി നിഷേധിച്ചത്. നിയമസഭ ചേരാൻ അടിയന്തര സാഹചര്യമില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഗവർണർ സ്പീക്കറോട് വിശദീകരണവും തേടി.
കേന്ദ്ര സർക്കാരിന്റെ കർഷക നിയമ ഭേദഗതികൾ വോട്ടിനിട്ടു തള്ളാനായിരുന്നു നിയമസഭാ സമ്മേളനം വിളിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിനായി മന്ത്രിസഭാ യോഗം ചേർന്നു ഗവർണർക്കു ശുപാർശ നൽകിയിരുന്നു. കൃഷി നിയമ ഭേദഗതി പ്രമേയത്തിലൂടെ വോട്ടിനിട്ടു തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ടായിരുന്നു.
Read Also: ഞാൻ ദെെവത്തിൽ ശരണപ്പെടുന്നു, കുറ്റമൊന്നും ചെയ്തിട്ടില്ല: തോമസ് കോട്ടൂർ
കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കർഷക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തെ യുഡിഎഫ് പിന്തുണയ്ക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേരത്തെ അറിയിച്ചത്. കേന്ദ്രം കൊണ്ടുവന്നിരിക്കുന്ന നിയമം കർഷക വിരുദ്ധ കരിനിയമമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നേരത്തെ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷിമന്ത്രി വ്യക്തമാക്കി.
“കേന്ദ്രം പാസാക്കിയ മൂന്ന് നിയമങ്ങൾ കേരളത്തിൽ ഒരു കാരണവശാലും നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. കേന്ദ്രം കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്,” കൃഷിമന്ത്രി പറഞ്ഞു.
നിയമം നടപ്പിലാക്കാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ എന്ത് നടപടി സ്വീകരിച്ചാലും അത് നേരിടാൻ തയ്യാറാണെന്നും കേന്ദ്രം ഏകപക്ഷീയമായി തീരുമാനിച്ച് നിയമങ്ങൾ നടപ്പിലാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാർ ഇത്തരം നിയമങ്ങളിലൂടെ സംസ്ഥാനത്തിന്റെ അധികാര പരിധിയിലേക്ക് കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.