കൊച്ചി: ഗാർഹികപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമവിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സന്ദർശിച്ചു. മോഫിയയുടെ മരണം ഹൃദയഭേദകം ആണെന്നും സ്ത്രീധനത്തിനെതിരെ പോരാടാനുള്ള കരുത്ത് സ്ത്രീകൾ കാണിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീധനത്തിനെതിരെ ബോധവത്കരണം ആവശ്യമാണ്. സ്ത്രീകൾ തന്നെ അതിനു മുന്നോട്ട് വരണം. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ ആർജ്ജവം കാണിക്കണം. ജീവൻകളയുകയല്ല പകരം പോരാടാനുള്ള കരുത്ത് കാണിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും നല്ല പൊലീസ് സേനയാണ് കേരളത്തിലേത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കാറുണ്ട്. എന്നാൽ ആലുവയിൽ ഉണ്ടായതു = പോലുള്ള ചില സംഭവങ്ങൾ സേനയ്ക്ക് അപവാദമുണ്ടാക്കാറുണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ആലുവയിലെ ജനപ്രതിനിധികളുടെ ഇടപെടൽ മാതൃകാപരമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗവർണർ മോഫിയയുടെ വീട്ടിൽ എത്തിയത്. മാതാപിതാക്കളെ കണ്ടു സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണു മടങ്ങിയത്. ആലുവ എംഎൽഎ അൻവർ സാദത്തും ഒപ്പമുണ്ടായിരുന്നു.
Also Read: മോഫിയയുടെ മരണം: സിഐയുടെ സസ്പെൻഷന് കോണ്‍ഗ്രസിന്റെ വിജയമെന്ന് സുധാകരന്