തിരുവനന്തപുരം: റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ സംസ്ഥാനത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പല മേഖലകളിലും കേരളത്തിന്റെ നേട്ടങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറഞ്ഞായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.
വികസനത്തിലും ആരോഗ്യ മേഖലയിലും കേരളത്തിന് വലിയ നേട്ടം കൊയ്യാന്‍ കഴിഞ്ഞു. കോവിഡ് നിയന്ത്രണത്തിലും വാക്സിനേഷനിലും കേരളം ഒന്നാമതാണ്. ദേശീയ സ്വപ്നങ്ങള്‍ കൈവരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് വലുതാണ്, ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വകലാശാല വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും രണ്ട് തട്ടിലായി നില്‍ക്കുന്ന സാഹചര്യത്തിലാണ് അഭിനന്ദനം.
കോവിഡ് സാഹചര്യത്തില്‍ റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ പരിമിതിപ്പെടുത്തേണ്ടി വന്നെങ്കിലും രാജ്യവും സംസ്ഥാനവും കൈവരിച്ച നേട്ടങ്ങളിലുള്ള അഭിമാനത്തിന് അളവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. നീതിയും, സമത്വവും, സ്വതന്ത്ര്യവും സമൂഹത്തില്‍ എല്ലാവര്‍ക്കും ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ ആശംസാപ്രസംഗത്തില്‍ പറഞ്ഞു.