തിരുവനന്തപുരം: കണ്ണൂർ വി.സിയുടെ പുനർനിയമനത്തിന് താൻ നിർദേശം നൽകിയിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അത്തരം വാർത്തകൾ തെറ്റാണെന്നും പുനർനിയമനത്തിന് മുകൈയെടുത്തത് മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും ചേർന്നാണെന്നും ഗവർണർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഗവർണറുടെ നിർദേശപ്രകാരമാണ് പുനർ നിയമനം നൽകിയത് എന്നുള്ള വാർത്തകൾ പൂർണമായും വളച്ചൊടിക്കപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനത്തിൽ പങ്കില്ലെന്ന് തെളിയിക്കുന്നതിന് നവംബർ 21 മുതൽ 23 വരെ സർക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങളും ഗവർണർ പുറത്തുവിട്ടു.
നവംബർ 21ന് മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് രാജ്ഭവനിലെത്തി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകാനാണ് സർക്കാരിന് താൽപ്പര്യമെന്ന് അറിയിച്ചു. ഇതു സംബന്ധിച്ച സർക്കാരിന്റെ ഔദ്യോഗിക കത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി അയക്കുമെന്ന് അറിയിച്ചതായും ഗവർണർ പറയുന്നു.
കണ്ണൂർ വിസിയുടെ പുനർനിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാൻ ഗവർണ്ണർ നിർദ്ദേശിച്ചെന്ന നിർണ്ണായക രേഖ ലോകായുക്തയിൽ സർക്കാർ ഹാജരാക്കിയിരുന്നു. ഗവർണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനർ നിയമനത്തിനായി മന്ത്രി ആർ ബിന്ദു കത്ത് നൽകിയതെന്നാണ് സർക്കാർ വാദം. ഇതിനെ പൂർണമായി തള്ളിക്കൊണ്ടാണ് ഇപ്പോൾ ഗവർണറുടെ വാർത്താക്കുറിപ്പ്.
Also Read: സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധത: ഡബ്ല്യുസിസിക്കൊപ്പം വനിതാ കമ്മിഷന് കക്ഷി ചേര്‍ന്നു