തിരുവനന്തപുരം: സർവകലാശാലാ വിവാദത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി നിയമനത്തിൽ സെർച്ച് കമ്മിറ്റി പിരിച്ച് വിട്ട് ഗവർണർക്ക് കത്ത് നൽകിയതടക്കമുള്ള സംഭവങ്ങളിലാണ് ഗവർണരുടെ പ്രതികരണം.
വിസി നിയമനത്തിന് ഗവർണർക്ക് കത്ത് നൽകാനുള്ള അധികാരം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇല്ലെന്ന് ഗവർണർ പറഞ്ഞു. സെർച്ച് കമ്മിറ്റിക്ക് മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സർവകലാശാലകളിലെ വിസി നിയമനം രാഷ്ട്രീയ താൽപര്യം അനുസരിച്ചാണെന്നും ഗവർണർ ആവർത്തിച്ചു. മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭം ശക്തിയാക്കുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം.
Also Read: മോൺസൻ കേസ്: എസ് സുധീപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഹൈക്കോടതി വിശദീകരണം തേടി
താൻ നൽകിയ കത്തിനെക്കുറിച്ചുള്ള വിവരം ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയതിനെതിരെ മന്ത്രി ആർ ബിന്ദു വിമർശനം ഉന്നയിച്ചിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ചോദ്യം ചെയ്ത ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പരാമർശം.
“സര്‍ക്കാരും ഗവര്‍ണറും തമ്മിലും, ചാന്‍സലറും പ്രൊ ചാന്‍സലറും തമ്മില്‍ നടക്കുന്ന ആശയവിനിമയങ്ങള്‍ മാധ്യമങ്ങളുടെ മുന്‍പാകെ പരസ്യമായ ചര്‍ച്ച ചെയ്യുന്നത് ധാര്‍മ്മീകതയ്ക്ക് നിരക്കുന്ന കാര്യമല്ല. അത് വളരെ ഡിപ്ലൊമാറ്റിക്കായിട്ടുള്ള ബന്ധമാണ്. അതിന്റെ മാന്യത കാത്ത് സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,” എന്ന് മന്ത്രി പറഞ്ഞിരുന്നു.