തിരുവനന്തപുരം: റിപ്പബ്ലിക് ദിന പ്രസംഗത്തിൽ കേരള സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമത്തിൽ സർക്കാരും ഗവർണറും പരസ്യമായി ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടയിലാണ് പിണറായി വിജയന്റെ നേതൃശേഷിയെ ഗവർണർ പ്രശംസിച്ചത്.

കേരളത്തിന്റെ പുരോഗതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മികച്ച നേതൃത്വം നൽകുന്നുവെന്ന് ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഗവർണർ ദേശീയ പതാക ഉയർത്തി. സുസ്ഥിര വികസനത്തിലും നവീന ആശയങ്ങൾ നടപ്പാക്കുന്നതിലും കേരളം മാതൃകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം മേഖലകളിൽ കേരളത്തിന്റെ ഉന്നമനം ശ്ലാഘനീയമെന്ന് ഗവർണർ പറഞ്ഞു. ലോക കേരളസഭയെയും ഗവർണർ അഭിനന്ദിച്ചു. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ഗവർണർ പറഞ്ഞു.

Read Also: ഇടതുപക്ഷത്തിന്റെ മനുഷ്യ മഹാ ശൃംഖല ഇന്ന്; അണിനിരക്കുന്നത് 70 ലക്ഷത്തോളം പേർ

പ്രസംഗത്തിൽ പൗരത്വ ഭേദഗതി നിയമത്തെ ഗവർണർ പരോക്ഷമായി പരാമർശിച്ചു. പീഡിപ്പിക്കപ്പെടുന്ന ജനവിഭാഗത്തിന് ഇന്ത്യ അഭയമാണെന്ന് ഗവർണർ പറഞ്ഞു. പീഡനമേറ്റവരുടെ അഭയകേന്ദ്രമാണ് ഇന്ത്യ. വെെവിധ്യങ്ങളെ ഇന്ത്യ എന്നും ആദരിക്കുകയും ഉൾക്കൊള്ളുകയും ചെയ്‌തിട്ടുണ്ട്. മതത്തിന്റെയോ നിറത്തിന്റെയോ പേരിൽ ആരെയും മാറ്റിനിർത്തുന്ന സമീപനമല്ല ഇന്ത്യയ്‌ക്കെന്നും ഗവർണർ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ ഗവർണർ യാതൊരു പ്രസ്താവനയും നടത്തിയില്ല. ഗവർണറും സർക്കാരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ സർക്കാർ പ്രശംസ. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗിച്ചത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.