കൊച്ചി: മന്ത്രിമാരെ പിൻവലിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്റെ അതൃപ്തി മുഖ്യമന്ത്രിയെ അറിയിക്കുമെന്നാണ് ഉദ്ദേശിച്ചത്. തൃപ്തി പിൻവലിക്കൽ എന്നാൽ മന്ത്രിയെ പിൻവലിക്കൽ അല്ലെന്നും ഗവർണർ പറഞ്ഞു.
മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നതു തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രിസ്ഥാനത്തുനിന്ന് പിന്‍വലിക്കുന്നത് ഉൾപ്പെടെയുള്ള നടപടി ഉണ്ടാകുമെന്നായിരുന്നു രാജ്ഭവന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ ഗവർണർ മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഗവര്‍ണര്‍ ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സർക്കാരിനെ ഇന്നും ഗവർണർ വിമർശിച്ചു. പാക്കിസ്ഥാന്റെ ഭാഷയിൽ ഭരണഘടനക്കെതിരെ സംസാരിക്കുന്നവർ വരെ കേരളത്തിലുണ്ട്. എല്ലാ മന്ത്രിമാരും മുഴുവൻ സമയ പാർട്ടി പ്രവർത്തകരെയാണ് പ്രൈവറ്റ് സ്റ്റാഫായി നിയമിക്കുന്നത്. രാഷ്ട്രീയത്തിൽ അധികാരത്തിനും മറ്റു പലതിനുമാണ് മുൻഗണനയെന്നും ഗവർണർ പറഞ്ഞു.
ഗവര്‍ണറെ വിമര്‍ശിക്കാന്‍ നിയമമന്ത്രിക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരെ നിയമിച്ചത് ഞാനാണ്. ആ മന്ത്രിമാരാണ് ഇപ്പോൾ എന്നെ ചോദ്യം ചെയ്യുന്നത്. ഗവര്‍ണറുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ സ്ഥാനത്ത് നിയമനം നടത്താൻ ആർക്കാണ് അർഹതയെന്നും ആര്‍ക്കാണ് അര്‍ഹതയില്ലാത്തതെന്നും സുപ്രീം കോടതി വിധിയോടെ വ്യക്തമായെന്നും ഗവർണർ പറഞ്ഞു.