scorecardresearch

‘അനാവശ്യമായി ഞാന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും ഗവര്‍ണര്‍ ഉന്നയിച്ചിട്ടുണ്ട്

‘അനാവശ്യമായി ഞാന്‍ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി. സമാന്തര സര്‍ക്കാരാകാനുള്ള ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കര്‍ കാര്യങ്ങളില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രി നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യോഗ്യത ഇല്ലാത്ത വ്യക്തികളെ നിയമിച്ചാല്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഇടപെടലുകളെ ആര്‍എസ്എസുമായി കൂട്ടിവായിച്ചുള്ള ആരോപണങ്ങളെയും ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. “അനാവശ്യമായി താന്‍ എന്തെങ്കിലും നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാം. ആര്‍എസ്എസ് നോമിനിയെ പോയിട്ട് സ്വന്തം ആളുകളെ പോലും നിയമിച്ചിട്ടില്ല,” ഗവര്‍ണര്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ഉന്നയിച്ചു. മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഗവര്‍ണറുടെ വാക്കുകള്‍.

“വിവാദ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്? അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചതാരാണ്? ആ വനിത മുഖ്യമന്ത്രിയുടെ ഓഫിസില്‍ വന്നിട്ടില്ലെ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജി വച്ചതിന് പിന്നിലെ കാരണമെന്താണ്?” ഗവര്‍ണര്‍ ചോദിച്ചു.

ഇന്നലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ല. ഈ രംഗത്ത് ചുരങ്ങിയ കാലം കൊണ്ട് കേരളം വലിയ മുന്നേറ്റമുണ്ടാക്കി. എന്നാല്‍ ഈ മുന്നേറ്റം പലരെയും അസ്വസ്ഥമാക്കുന്നു. ചാന്‍സലര്‍ പദവിയിലിരുന്നുകൊണ്ട് സര്‍വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടി ഇരിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്നും ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയില്‍ ഭരണാഘടനാപരമായ അവകാശങ്ങളെ പോലും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇവിടെ ഒരാള്‍ സമാന്തര സര്‍ക്കാര്‍ ആകാന്‍ ശ്രമിക്കുന്നു. മന്ത്രിയെ പിരിച്ചുവിടാനും സെനറ്റ് അംഗങ്ങളെ പരിച്ചുവിടാനും പറയുന്നു. തന്നിലാണ് ഈ നാട്ടിലെ സര്‍വ അധികാരങ്ങളും എന്ന് ആരെങ്കിലും കരുതിയാല്‍ അവിടെ ഇരിക്കുകയുള്ളു, ഇപ്പോള്‍ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനാണ് ശ്രമിക്കുന്നത്. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത വിസിമാരുടെ നിയമനത്തെയാണ് ചോദ്യം ചെയ്യപ്പെട്ട ഒന്നിന്റെ പേരില്‍ നിയമപരമല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നത്. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചുരുങ്ങിയ കാലത്തിനകം തന്നെ വലിയ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തരം നേട്ടങ്ങള്‍ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത് ആര്‍.എസ്.എസിനേയും സംഘ്പരിവാറിനേയുമാണ്. അവര്‍ ആഗ്രഹിക്കുന്നത് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന യുവാക്കളുള്ള സര്‍വകലാശാലകളും കോളേജുകളും തങ്ങളുടെ വരുതിയിലാക്കണമെന്നാണ്. അതിനായി കരുനീക്കുകയാണ് അവര്‍ മുഖ്യമന്ത്രി ആരോപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governor arif muhammad khan pinarayi vijayan conflict updates novermber 03

Best of Express