ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനോട് പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പുതിയ കാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള രാജ്ഭവന്‍ ഫയലില്‍ താന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. യാത്രകള്‍ക്കായി കൂടുതലും ഉപയോഗിക്കുന്നത് ഭാര്യയ്ക്ക് അനുവദിച്ച കാറാണ്. ഏത് കാര്‍ വേണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനാണ് അധികാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
85 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിന് കത്ത് നല്‍കിയെന്നായിരുന്നു പുറത്തു വന്ന വിവരം. ഗവര്‍ണര്‍ നിലവില്‍ ഉപയോഗിക്കുന്ന കാറിന് 12 വര്‍ഷത്തെ പഴക്കമാണുള്ളത്. ഒരു ലക്ഷം കിലോമീറ്ററിലധികം ഓടിയാല്‍ വിഐപി പ്രോട്ടോക്കോള്‍ പ്രകാരം വാഹനം മാറ്റേണ്ടതാണ്. ഗവര്‍ണറുടെ കാര്‍ ഒന്നരലക്ഷത്തോളം കിലോ മീറ്റര്‍ സഞ്ചരിച്ചെന്നാണ് ലഭിക്കുന്ന വിവരം. ഗവര്‍ണറുടെ ആവശ്യം ധനകാര്യ വകുപ്പ് അംഗീകരിച്ചിരുന്നെങ്കിലും അന്തിമ തീരുമാനമെടുത്തിരുന്നില്ല.
ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് പുതിയ വിവാദം ഉടലെടുത്തത്. നേരത്തെ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്കായിരുന്നു വഴി വച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി സംസാരിച്ചിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. ഉപാധികള്‍ അംഗീകരിക്കാതെ ഒപ്പിടില്ല എന്നായിരുന്നു ഗവര്‍ണറുടെ പക്ഷം.
തുടര്‍ന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി ജ്യോതിലാലിനെ നീക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലെത്തിയ ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക്’ വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഒപ്പിടില്ല എന്ന് പറഞ്ഞതോടെ ഗവര്‍ണര്‍ ഭരണഘടനാ ലംഘനം നടത്തിയെന്നതും സര്‍ക്കാര്‍ വഴങ്ങിക്കൊടുത്തത് ശരിയായില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ഇതാദ്യമായല്ല ആരിഫ് മുഹമ്മദ് ഖാനും ഇടതു പക്ഷ സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടുന്നത്. ലോകായുക്ത ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ടായിരുന്നു ഇതിന് മുന്‍പ് വിവാദങ്ങളുണ്ടായത്. നിയമമന്ത്രി പി. രാജീവ് നേരിട്ടെത്തി സംസാരിച്ചിട്ടും ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്ക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ഗവര്‍ണര്‍ വഴങ്ങിയത്.
Also Read: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അനന്തമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി