തിരുവനന്തപുരം: ദേശീയ ചരിത്ര കോൺഗ്രസ് വേദിയിലലുണ്ടായ സംഭവങ്ങളിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ച് ഗവർണർ. ഞായറാഴ്ച വൈകിട്ടോടെ രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. ചരിത്രത്തിലില്ലാത്ത സുരക്ഷ വീഴ്ചയാണുണ്ടായതെന്ന് രാജ്ഭവൻ ആരോപിച്ചു. ചരിത്ര കോൺഗ്രസിലുണ്ടായ വിഷയങ്ങളോട് കടുത്ത അതൃപ്തിയാണ് ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചു.

പ്രതിഷേധക്കാർക്ക് കെ.കെ.രാഗേഷ് എംപിയടക്കം പിന്തുണ നൽകിയതിൽ ഗവർണർക്ക് അതൃപ്തിയുണ്ട്. സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയോട് ഗവർണർ റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ സാഹചര്യം കണക്കിലെടുത്ത് വേണ്ട രീതിയിൽ മുന്നൊരുക്കം നടത്തിയില്ലെന്ന നിലപാടിലാണ് ഗവർണർ.

Also Read: ഗവർണർ പ്രവർത്തിക്കുന്നത് പദവിക്ക് നിരക്കാത്ത രീതിയിൽ: കോടിയേരി ബാലകൃഷ്ണൻ

ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദി വിവാദമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തുകയായിരുന്നെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിൽ ആരോപിച്ചു. പ്രസംഗത്തിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകുമെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.

Also Read: ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തി, വിവാദം ആഗ്രഹിച്ചിട്ടില്ല: ഗവർണർ

അതേസമയം പദവിക്ക് നിരക്കാത്ത രീതിയിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോകം ആദരിക്കുന്ന ചരിത്രകാരന്മാർ പങ്കെടുക്കുന്ന ചരിത്ര കോൺഗ്രസിൽ, തയാറാക്കിയ പ്രസംഗം മാറ്റി വെച്ച് രാഷ്ട്രീയ പ്രസംഗം നടത്തുകയാണ് ഗവർണർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന്‌ ഗവര്‍ണർ തിരിച്ചറിയണമെന്നും കോടിയേരി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Also Read: ഗവർണർക്കെതിരെ നടന്നത് സർക്കാർ സ്‌പോൺസേർഡ് സമരം; ആരോപണവുമായി ബിജെപി

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്‌ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്‌. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച്‌ പൂര്‍ണ്ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. വളരെ ചെറുപ്പത്തില്‍ എംപി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണെന്നും കോടിയേരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.