തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിക്കാൻ സര്‍ക്കാര്‍ തയാറാക്കിയ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവര്‍ണര്‍ക്ക് അതൃപ്തി. കോടതിയുടെ പരിഗണനയിലുള്ള ചില വിഷയങ്ങൾ ഉൾപ്പെടെ പരാമർശിച്ചിട്ടുള്ളതിനാൽ ഇതു സംബന്ധിച്ചു സർക്കാരിനോടു ഗവർണർ വിശദീകരണം തേടും.
പൗരത്വ നിയമ ഭേദഗതിയുള്‍പ്പെടെ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്. ഇത് കോടതി അലക്ഷ്യമാണോയെന്ന കാര്യമാണ് പരിശോധിക്കുക. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് കഴിഞ്ഞ ദിവസമാണ് രാജ്ഭവന് കൈമാറിയത്.
കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണം. തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെ സമീപിക്കും. സുപ്രീം കോടതിക്കു മുൻപാകെയുളള പ്രശ്നം നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുന്നതിലെ നിയമപരമായ പ്രശ്നങ്ങളിൽ രാജ്ഭവൻ പരിശോധിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം സര്‍ക്കാരിനോട് വിശദീകരണം ചോദിക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കേണ്ടി വരും.
Read More: വീണ്ടും ബന്ധുനിയമന വിവാദം; ടി.എൻ സീമയുടെ ഭർത്താവിന് സി-ഡിറ്റ് ഡയറക്ടർ പദവി
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്തുകൊണ്ട് നിയമസഭയില്‍ പ്രമേയം പാസാക്കിയത്, നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ തുടങ്ങിയ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയിൽ അതൃപ്തനായ ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. താൻ വെറും റബ്ബർ സ്റ്റാമ്പല്ലെന്നും കേന്ദ്ര നിയമത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനെന്ന നിലയിൽ അനുമതി തേടുകയോ അറിയിക്കുകയോ ചെയ്തില്ലെന്നായിരുന്നു ഗവര്‍ണറുടെ വാദം. വിശദീകരണം തേടിയ ഗവര്‍ണറുടെ നടപടിക്ക് പിന്നാലെ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തിയിരുന്നെങ്കിലും വിശദീകരണം രേഖാമൂലം നൽകാൻ തയാറായിരുന്നില്ല.