തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ നടപടിയിൽ നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നത് നിയമമാണെന്നും ഗവർണർ. ഗവർണറെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമ ലംഘനമല്ലെന്ന് മുഖ്യമന്ത്രി പറയുന്നെങ്കിൽ അത് നിയമം ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

“ഭരണഘടനയും രാജ്യത്തെ നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടൊയെന്ന് ഉറപ്പുവരുത്തലാണ് എന്റെ ദൗത്യം. അത് ഉറപ്പായും ചെയ്യും. എന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് റൂൾസ് ഓഫ് ബിസിനസിന്റെ ലംഘനമാണ്. അല്ല ഇക്കാര്യത്തിൽ ഗവർണറുടെ അനുവാദം കൂടാതെ തന്നെ മുമ്പോട്ട് പോകാൻ സർക്കാരിന് അനുവാദം നൽകുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കണം.” ഗവർണർ പറഞ്ഞു.

ഇത്തരം വിഷയങ്ങളിൽ ഉത്തരവ്​ പുറപ്പെടുവിക്കുംമുമ്പ്​ മുഖ്യമന്ത്രി ഗവർണർക്ക്​ സമർപ്പിക്കണമെന്ന്​ ചട്ടങ്ങൾ ഉദ്ധരിച്ച്​ ഗവർണർ ആവർത്തിച്ചു. സർക്കാരുമായി വ്യക്തിപരമായി പ്രശ്നങ്ങളിലെന്ന് ഗവർണർ ആവർത്തിച്ചു. താനല്ല രാജ്യത്തെ നിയമവും ഭരണഘടനയുമാണ് പ്രധാനമെന്നും ഗവർണർ. തനിക്കെതിരായ സിപിഎമ്മിന്റെയും സിപിഐയുടെയും വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അവര്‍ക്ക് അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഞാന്‍ എന്റെ ഭരണഘടാനാ ബാധ്യതകള്‍ നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. ചീഫ് സെക്രട്ടറിയോടാണ് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. തന്നെ അറിയിക്കാതെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇതു ശരിയായില്ലെന്നും ഗവർണർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിക്കാൻ ഗവർണറുടെ അഭിപ്രായം ആവശ്യമില്ലെന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.