തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മന്ത്രിമാര്‍ ഗവര്‍ണറെ അധിക്ഷേപിക്കുന്നതു തുടർന്നാൽ കടുത്ത നടപടി നടപടി സ്വീകരിക്കും. മന്ത്രിസ്ഥാനത്തുനിന്ന് പിന്‍വലിക്കുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഈ മുന്നറിയിപ്പ്.
അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനില്‍ നിന്നുമുണ്ടായത്. സര്‍ക്കാരിനും മന്ത്രിമാര്‍ക്കും മുന്നറിയുപ്പുമായാണ് ഗവര്‍ണറുടെ പ്രസ്താവന. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനയാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും ഗവര്‍ണര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കേരളാ സര്‍വകലാശാലയില്‍ അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നിരുന്നു. സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇതിനെ വിമര്‍ശിച്ചാണ് മന്ത്രി ആര്‍ ബിന്ദു അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ്.
പാസാക്കിയ സര്‍വകലാശാല ഭേദഗതി ബില്‍ ഇപ്പോഴും ഒപ്പിടാതെ ഗവര്‍ണരുടെ കയ്യില്‍ ഇരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി ആര്‍.ബിന്ദു മാധ്യമങ്ങളോട് പറഞ്ഞത്. സുപ്രധാന ബില്ലായിരുന്നു അത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അനിവാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടു വയ്ക്കുന്ന ബില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായില്ല.
ബില്ലില്‍ ന്യൂനതകളോ അപാകതകളോ ഉണ്ടെങ്കില്‍ അതു ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കാം. സര്‍ക്കാരിന്റെ അഭിപ്രായം ആരായാം. അതു ചെയ്യാതെ ബില്‍ പിടിച്ചുവച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ഭരണഘടനാ ബാധ്യത നിറവേറ്റണം. ഭരണഘടനാ ബാധ്യത നിറവേറ്റുന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ചുമതലയല്ല. ഇതുവരെ ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. അത് ഒരു മാന്യതയാണ്. ആര്‍എസ്എസിന്റെ പാളയത്തില്‍ പോയാണ് ഗവര്‍ണര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും മന്ത്രി ആര്‍.ബിന്ദു ആരോപിച്ചിരുന്നു.