scorecardresearch

പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് കെ.കെ.രാഗേഷ്; ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യം പുറത്തുവിട്ട് ഗവര്‍ണര്‍

ചരിത്ര കോണ്‍ഗ്രസ് നിശ്ചയിച്ച സമയക്രമം മാറ്റിയെന്നും 45 മിനിറ്റിന് പകരം ഒന്നര മണിക്കൂര്‍ ഇരിക്കേണ്ടി വന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു

പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് കെ.കെ.രാഗേഷ്; ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യം പുറത്തുവിട്ട് ഗവര്‍ണര്‍
ഫയൽ ഫൊട്ടോ

തിരുവന്തപുരം: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളെ കാണിച്ച് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗവര്‍ണറുടെ കടന്നാക്രമണം.

കണ്ണൂരില്‍ തനിക്കെതിരെ നടന്നത് നേരിട്ട് കേസെടുക്കേണ്ട വിഷയമാണെന്നും ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവും ശിക്ഷയുമുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഐപിസി 124 വകുപ്പ് വിശദീകരിച്ചാണ് ഗവര്‍ണര്‍ പത്രസമ്മേളനം തുടങ്ങിയത്. തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോള്‍ പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് തയാറായില്ല. പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് കെ.കെ.രാഗേഷാണെന്നും വേദിയില്‍ നിന്ന് ഇറങ്ങി ചെന്ന് പൊലീസിനെ തടഞ്ഞുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.

ചരിത്ര കോണ്‍ഗ്രസ് നിശ്ചയിച്ച സമയക്രമം മാറ്റിയെന്നും 45 മിനിറ്റിന് പകരം ഒന്നര മണിക്കൂര്‍ ഇരിക്കേണ്ടി വന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. താന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ രാജ്ഭവന്‍ പകര്‍ത്തിയതല്ലെന്നും പിആര്‍ഡി പകര്‍ത്തിയതാണെന്നുമായിരന്നു ഗവര്‍ണറുടെ അവകാശ വാദം.

കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി നിരന്തരം കത്തുകളയച്ചു. തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. ഉന്നത ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
വിസി നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്ത് വിട്ടു.

2019 ഡിസംബര്‍ 28ന് കണ്ണൂര്‍ സര്‍വകലാശാലാ ആസ്ഥാനത്ത് നടന്ന എണ്‍പതാമത് ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിലായിരുന്നു ദേശീയശ്രദ്ധ ആകര്‍ഷിച്ച ഗവര്‍ണര്‍ക്കെരിരെയുള്ള പ്രതിഷേധം. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്കെതിരേ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി ചിലര്‍ എഴുന്നേറ്റ് നിന്നു. ചരിത്രകാരനും മാര്‍ക്സിസ്റ്റ് ചിന്തകനുമായ ഇര്‍ഫാന്‍ ഹബീബ് അന്നു രാജ്യസഭാംഗമായിരുന്ന കെ.കെ.രാഗേഷ് എന്നിവരും പ്രസംഗകരായുണ്ടായിരുന്നു. ഇരുവരും പൗരത്വ ഭേദഗതി നിയമനത്തിനെതിരേ ശക്തമായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയാണ് പ്രസംഗിച്ചത്. ഇതിന് മറുപടിയെന്നവണ്ണം ആമുഖമായി ചിലത് പറയാനുണ്ടെന്ന് സൂചിപ്പിച്ചാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ടുളള സ്വന്തം നിലപാട് പറഞ്ഞ ഗവര്‍ണര്‍ക്കെതിരേ സദസ്സില്‍ നിന്ന് മുദ്രാവാക്യം വിളികള്‍ ഉയരുകയായിരുന്നു.

മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞയാളായ മുഖ്യമന്ത്രി മാധ്യമങ്ങളില്‍ നിന്ന് മാറി നടക്കാറില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.വിസി നിയമനത്തിന് അഞ്ചംഗ സമിതിയെ നിയമിച്ചു. സമ്മര്‍ദമുണ്ടായതോടെ ചാന്‍സലര്‍ സ്ഥാനത്ത് തുടരുന്നില്ലെന്ന് താന്‍ കത്ത് നല്‍കി. സര്‍കലാശാലകളുടെ സ്വയം ഭരണത്തില്‍ ഇടപെടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് ഉറപ്പ് ലംഘിച്ചു. ആര്‍എസ് എസ് മേധാവിയെ കണ്ടതില്‍ അസ്വഭാവികതയില്ല. ആര്‍എസ്എസ് നിരോധിത സംഘടനയല്ല. ആര്‍എസ്എസുമായുള്ള ബന്ധം 1986 മുതലുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governor arif mohammad khan says that k k ragesh is the one who blocked police against his protest