scorecardresearch

കേരള വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍

ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഈ തീരുമാനം സർവകലാശാല നടപ്പാക്കാത്ത സാഹചര്യത്തിലാണു ഗവർണറുടെ അസാധാരണ നടപടി

കേരള വി സി ഉത്തരവ് നടപ്പാക്കിയില്ല; 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കിക്കൊണ്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇവരെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കാന്‍ സര്‍വകലാശാല തയാറാകാത്ത സാഹചര്യത്തിലാണു ഗവര്‍ണര്‍ സ്വന്തം നിലയ്ക്കു നടപടി സ്വീകരിച്ചത്. ഇക്കാര്യം 91 സെനറ്റ് അംഗങ്ങളെയും സര്‍വകലാശാലയെയും രാജ്ഭവന്‍ അറിയിച്ചു.

ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്തവരെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. ഇവര്‍ ശനിയാഴ്ച മുതല്‍ അയോഗ്യരാണെന്നും ഉടന്‍ പുറത്താക്കണമെന്നു ആവശ്യപ്പെട്ട് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി മഹാദേവന്‍ പിള്ളയ്ക്കു ഗവര്‍ണര്‍ ശനിയാഴ്ച കത്ത് നല്‍കിയിരുന്നു.

എന്നാല്‍, ഉത്തരവ് നടപ്പാക്കാതെ വി സി ശബരിമലയ്ക്കു പോയി. വി സിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാല്‍ ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് സര്‍വകലാശാല റജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു. അതിനിടെ, 15 സെനറ്റ് അംഗങ്ങള്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി സി ഗവര്‍ണര്‍ക്കു കത്തയച്ചിരുന്നു. ഈ സംഭവവികാസങ്ങള്‍ക്കു പിന്നാലെയാണു ഗവര്‍ണറുടെ ഭാഗത്തുനിന്ന് അസാധാരണ നടപടിയുണ്ടായിരിക്കുന്നത്.

വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ നേരത്തെ സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സെനറ്റ് യോഗം ബഹിഷ്‌കരിച്ചവരെയാണു ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ കൂടിയാണ്.

ഗവര്‍ണര്‍ പിന്‍വലിച്ച 15 അംഗങ്ങള്‍ക്കു നവംബര്‍ നാലിനു നടക്കുന്ന പ്രത്യേക സെനറ്റ് യോഗത്തില്‍ പങ്കെടുക്കാനുള്ള കത്ത് സര്‍വകലാശാല അയച്ചിരുന്നു. ഇതാണു ഗവര്‍ണറെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത 13 പേരില്‍ 11 പേരും കഴിഞ്ഞദിവസത്തെ സെനറ്റ് യോഗത്തിന് എത്തിയിരുന്നില്ല. ഇവരെയും യോഗം ബഹിഷ്‌കരിച്ച നാല് വകുപ്പു മേധാവികളെയുമാണു ഗവര്‍ണര്‍ പിന്‍വലിച്ചത്. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.

91 അംഗങ്ങളുള്ള സെനറ്റില്‍ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ 13 പേര്‍ മാത്രമാണു കഴിഞ്ഞദിവസത്തെ യോഗത്തിന് എത്തിയത്. പ്രോ വൈസ് ചാന്‍സലര്‍ ഡോ. വി പി അജയകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പ്രോ വി സി സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയമപരമായി ബാധ്യതയുള്ളയാളാണ്. യോഗം ബഹിഷ്‌കരിച്ച അദ്ദേഹം ഓഫിസില്‍ എത്തിയിരുന്നു.

ഭരണപക്ഷ അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചതോടെ ക്വാറം തികയാത്തതിനാല്‍ യോഗം നടന്നില്ല. ക്വാറം തികയാന്‍ 19 പേരാണു പങ്കെടുക്കേണ്ടിയിരുന്നത്. 10 പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Governor arif mohammad khan ousts 15 senate members of kerala university