കോട്ടയം: സര്‍വകലാശാല നിയമഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സര്‍വകലാശാല വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല. സ്വയംഭരണാവകാശം ലഘൂകരിക്കാന്‍ അനുവദിക്കില്ല. റബ്ബര്‍ സ്റ്റാമ്പായി മാറാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകലാശാല നിയമ ഭേദഗതി, ലോകായുക്ത നിയമ ഭേദഗതി ബില്ലുകള്‍ നിയമസഭ പാസാക്കിയ സാഹചര്യത്തിലാണു ഗവര്‍ണറുടെ പ്രതികരണമെന്നതു ശ്രദ്ധേയമാണ്. സര്‍വകലാശാല നിയമ ഭേദഗതി ബില്ലില്‍ ഒപ്പിടുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.
സര്‍വകലാശാലകളുടെ സ്വയംഭരണത്തില്‍ വെള്ളം ചേര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്. സര്‍വകലാശാലകളിലെ സ്വയംഭരണാവകാശം പരിപാവനമാണ്. അത് അട്ടിമറിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ല.
സര്‍വകലാശാലകളെ രാഷ്ട്രീയായി കയ്യടക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സര്‍വകലാശാലകളില്‍ നിയമിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി അറിയാതെ ഈ നിയമനങ്ങളൊന്നും നടക്കുകയില്ല.
നിയമം തകര്‍ക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുമ്പോള്‍ കൂട്ടുനില്ക്കാനാവില്ല. താന്‍ ചാന്‍സലറായി തുടരുമ്പോള്‍ സര്‍വകലാശാലകളിലെ എക്സിക്യൂട്ടീവിന്റെ ഇടപെടലുകള്‍ക്കു കൂട്ടുനില്ക്കാനാവില്ല. സര്‍വകലാശാലകളുടെ കാര്യത്തില്‍ ഭരണഘടനാപരമായി മാത്രമേ തീരുമാനമെടുക്കുകയുള്ളൂ.
ഏതു നിയമം കൊണ്ടുവരാനും ബില്ലുകള്‍ അവതരിപ്പിക്കാനും ജനാധിപത്യ സര്‍ക്കാരിന് അവകാശമുണ്ട്. പക്ഷേ ബില്ലുകള്‍ നിയമമാകണമെങ്കില്‍ ഗവര്‍ണര്‍ ഒപ്പിടണം. തന്റെ സ്ഥാനത്തിന് അനുയോജ്യമല്ലാത്ത ഒന്നും ചെയ്യില്ല. നിയമവും ഭരണഘടനയും കീഴ്വഴക്കങ്ങളും അനുസരിച്ചു മാത്രമേ ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുക്കുകയുള്ളൂ.
ചാന്‍സലര്‍ സ്ഥാനം ഒഴിയാന്‍ തയാറായ ആളാണു താന്‍. എന്നാല്‍ തീരുമാനത്തില്‍നിന്ന് പിന്മാറാന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തനിക്ക് നാലു കത്തുകള്‍ അയച്ചിരുന്നു. സര്‍ക്കാരിനും ചില ഉത്തരവാദിത്തമുണ്ട്. ഉത്തരവാദിത്തം മുഴുവനായി എടുത്തുകൊള്ളൂവെന്നാണു പറയുന്നത്.
ഇന്ത്യയ്ക്കു പുറത്ത് ഉടലെടുത്ത രാഷ്ട്രീയ ആദര്‍ശം മുറുകെപ്പിടിക്കുന്ന ഒരു പാര്‍ട്ടി ഭീഷണിപ്പെടുത്തി ഭരിക്കാമെന്നാണ് കരുതുന്നത്. അവരുടെ പേര് താന്‍ പറയുന്നില്ലെന്നും വ്യക്തമാക്കി.