/indian-express-malayalam/media/media_files/uploads/2019/09/Arrif-Mohammed-Khan-Kerala-Governor.jpg)
തിരുവനന്തപുരം: താനായിരുന്നു അധികാരത്തിലെങ്കിൽ പൗരത്വ ഭേദഗതി നിയമം ബലം പ്രയോഗിച്ചാണെങ്കിലും നടപ്പാക്കിയേനെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദഗതി നടപ്പാക്കണമെന്നും അതിനോട് തികച്ചും അനുകൂലമായ നിലപാടാണ് തനിക്കുള്ളതെന്നും ഗവർണർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നത് ഗാന്ധിയും നെഹ്റുവും കൊടുത്ത വാക്കാണെന്ന് പറഞ്ഞ ആരിഫ് ഖാൻ പക്ഷെ നിയമം നടപ്പാക്കാൻ താൻ സർക്കാരിനെ ഉപദേശിക്കില്ലെന്നും വ്യക്തമാക്കി. രാജ്യത്തെ നിയമങ്ങള്‍ സംരക്ഷിക്കേണ്ടത് ഗവര്‍ണറെന്ന നിലയില്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
"പാകിസ്ഥാൻ ന്യൂനപക്ഷങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നുണ്ട്. ഞാൻ എന്നെ ഈ രാജ്യത്ത് ന്യൂനപക്ഷമായി കാണുന്നില്ല. ഇന്ത്യൻ ഭരണഘടന ന്യൂനപക്ഷത്തെ നിർവചിച്ചിട്ടില്ല. വിഭജനത്തിന്‍റെ ദുരിതം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ ഇന്നും അനുഭവിക്കുന്നുണ്ട്. അവരെ സംരക്ഷിക്കാൻ ഇന്ത്യക്ക് ബാധ്യതയുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്‍റെയും വാഗ്ദാനം പാലിക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി," ഗവർണർ പറയുന്നു.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെ ക്ഷോഭിച്ചതും ചോദ്യങ്ങള്‍ ചോദിച്ചതും ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബാണ്. അതിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തത്. ഇർഫാൻ ഹബീബിന്‍റെ പേര് കാര്യപരിപാടിയിൽ ഇല്ലായിരുന്നു. എന്നിട്ടാണ് ഇർഫാൻ ഹബീബ് ഇടപെട്ട് സംസാരിച്ചത്. ഇതിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
എന്നാൽ ഗവർണറുടെ വാദങ്ങളെ തള്ളി ഇർഫാൻ ഹബീബ് രംഗത്തെത്തി. 88 വയസുള്ള താൻ ഗവർണറുടെ മുപ്പത്തിയഞ്ചോ, പരമാവധി നാൽപ്പതോ വയസ്സ് പ്രായമുള്ള സുരക്ഷാ ഉദ്യോഗസ്ഥനെ മറികടന്ന് എങ്ങനെയാണ് അദ്ദേഹത്തെ ആക്രമിക്കുകയെന്ന് ഇർഫാൻ ഹബീബ് ചോദിച്ചു. തന്നെ ക്രിമിനൽ എന്ന് വിളിക്കാം, തന്‍റെ ഇക്കാലമത്രയുമുള്ള ബഹുമതികളും അംഗീകാരങ്ങളും എല്ലാം സർക്കാരിന് തിരിച്ചെടുക്കാം. എന്നാലും പൗരത്വ നിയമഭേദഗതിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്ര കോൺഗ്രസ് വേദിയിലുണ്ടായ സംഭവങ്ങളിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ഗവർണർ അതൃപ്തി അറിയിച്ചിരുന്നു. ഞായറാഴ്ച വൈകിട്ടോടെ രാജ്ഭവനിലെത്തിയ ചീഫ് സെക്രട്ടറി ഗവർണറുമായി കൂടിക്കാഴ്ച നടത്തി മടങ്ങി. ചരിത്രത്തിലില്ലാത്ത സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് രാജ്ഭവൻ ആരോപിച്ചു. ചരിത്ര കോൺഗ്രസിലുണ്ടായ വിഷയങ്ങളോട് കടുത്ത അതൃപ്തിയാണ് ഗവർണർ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദി വിവാദമാക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തുകയായിരുന്നു എന്നായിരുന്നു ഗവർണറുടെ ഓഫീസിന്റെ ആരോപണം. പ്രസംഗത്തിനിടെ ഇര്‍ഫാന്‍ ഹബീബ് പൗരത്വഭേദഗതി സംബന്ധിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഗവര്‍ണര്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. ഈ സമയം ഇര്‍ഫാന്‍ ഹബീബ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് അദ്ദേഹത്തെ ശാരീരികമായി തടയാന്‍ ശ്രമിച്ചു. വീഡിയോയില്‍ അക്കാര്യം വ്യക്തമാകുമെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.