തിരുവനന്തപുരം: രാജ്ഭവൻ നിയന്ത്രിക്കാൻ ആരും ശ്രമിക്കേണ്ടന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിക്ക് മാത്രമാണ് അതിന് അധികാരമുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ.ബാലനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഷയങ്ങളിൽ പ്രതികരിക്കേണ്ടത് എങ്ങനെയെന്ന് പ്രതിപക്ഷ നേതാവിന് അറിയില്ല. വി.ഡി.സതീശൻ ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്നും ഗവർണർ പറഞ്ഞു. ബാലൻ ബാലനെപ്പോലെ പെരുമാറുന്നു എന്നായിരുന്നു പരിഹാസം. മുഖ്യമന്ത്രിയുടെ ശ്രദ്ധനേടാൻ ബാലൻ ബാലിശമായി പെരുമാറുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റാണെന്ന വിമര്‍ശനവും ഗവർണർ നടത്തി. പല മന്ത്രിമാര്‍ക്കും 20ല്‍ അധികം പേഴ്സണല്‍ സ്റ്റാഫുണ്ട്. താന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഉണ്ടായിരുന്നത് 11 പേര്‍ മാത്രമാണ്. പൊതുജനത്തിന്റെ പണമാണ് ഇത്തരത്തില്‍ പാഴാക്കുന്നത്. പെന്‍ഷനുവേണ്ടി രണ്ടുവര്‍ഷം കൂടുമ്പോള്‍ സ്റ്റാഫിനെ മാറ്റുന്നു രീതിയുണ്ട്, അത് റദ്ദാക്കണം. അതിനായി തുടര്‍ച്ചയായി ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പൊതുഭരണ സെക്രട്ടറിയെ മാറ്റാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനെ നിയന്ത്രിക്കാനും ഉപദേശിക്കാനും സർക്കാർ ഉദ്യോഗസ്ഥന് അധികാരമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകം; പിന്നിൽ എംഎൽഎ ശ്രീനിജനെന്ന് സാബു എം.ജേക്കബ്