തിരുവനന്തപുരം: കേരള ബജറ്റ് 2018 സമ്മേളനത്തിന് നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഓഖി ദുരന്തം നേരിടുന്നതിൽ സംസ്ഥാനം മാതൃകയായെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ഭരണസ്തംഭനം ആരോപിച്ച് പ്രതിഷേധവുമായാണ് പ്രതിപക്ഷം സഭയിലെത്തിയിരിക്കുന്നത്.

നയപ്രഖ്യാപന പ്രസംഗത്തിനു മുന്നോടിയായി തങ്ങളുടെ പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണറെ അറിയിക്കുകയും ചെയ്തു. എന്നാൽ ഗവർണറുടെ പ്രസംഗം തടയുന്ന നടപടിയിലേക്ക് പ്രതിപക്ഷം കടന്നില്ല.

“ട്രാൻസ്ജെൻഡർ സമൂഹത്തിന് നൽകിയ പരിഗണനയിൽ സംസ്ഥാനം ഒന്നാമതാണെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. മാനവ വിഭവശേഷിയിൽ ഒന്നാമതുള്ള കേരളം 100 ശതമാനം വെളിയിട വിസർജ്യ വിമുക്ത സംസ്ഥാനമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് ഗവർണർ പറഞ്ഞു. അതേസമയം, കേരളത്തിന് പുരോഗതി കൈവരിക്കാനും മികച്ച നേട്ടങ്ങളുണ്ടാക്കാനും സാധിച്ചതായും ഗവർണർ പറഞ്ഞു.

ക്രമസമാധാന പാലനത്തിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം ഇന്ത്യ ടുഡേ നൽകിയതാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുളളവർക്ക് സംസ്ഥാനത്ത് ഭീഷണിയുണ്ടെന്ന പ്രചാരണം അപലപനീയമാണെന്ന് ഗവർണർ പറഞ്ഞു.

ഓഖി ദുരിതത്തെ സൂചിപ്പിച്ച് കൊണ്ട് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി ചൂഷണവും വലിയ വെല്ലുവിളികളാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ഓഖി ദുരിതത്തെ നേരിടുന്നതിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും അതേസമയം തന്നെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് മനസിലാക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ഗവർണർ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ