scorecardresearch

ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യം, ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

സർവകലാശാല നിയമത്തിൽ വി.സിമാരെ പിരിച്ചുവിടാൻ നിയമമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ഗവർണർക്ക് നിയമപരമായി അധികാരമില്ല

സർവകലാശാല നിയമത്തിൽ വി.സിമാരെ പിരിച്ചുവിടാൻ നിയമമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ ഗവർണർക്ക് നിയമപരമായി അധികാരമില്ല

author-image
WebDesk
New Update
Pinarayi Vijayan

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ കാര്യങ്ങളിൽ ഗവർണർ അസ്വാഭാവിക തിടുക്കവും അത്യുത്സാഹവും കാണിക്കുന്നു. ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു. നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം നടത്തുകയാണ് ഗവർണർ. ജനാധിപത്യത്തെ മാനിക്കുന്ന ആരും അമിതാധികാരത്തെ വകവച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു. ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഗവർണറുടെ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു. ഭരണഘടനയ്ക്കും കീഴ്വഴക്കങ്ങൾക്കും എതിരായ നീക്കം ഉണ്ടായാൽ പ്രതികരണം ഉണ്ടാകും. ചാൻസലർ കൂടിയായ ഗവർണർ അതു മറക്കുന്നു. ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. ഗവർണർ പദവി സർക്കാരിനെതിരായ നീക്കം നടത്താനുള്ളതല്ല.

ഭരണത്തെ അസ്ഥിരപ്പെടുത്താൻ ഗവർണർ സുപ്രീം കോടതി ഉത്തരവ് ആയുധമാക്കുന്നു. ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധം. വി.സിമാരെ കേൾക്കാതെയാണ് ഗവർണറുടെ നടപടി. സ്വാഭാവിക നീതിയുടെ ലംഘനമാണ്. വി.സി നിയമനം ചട്ടവിരുദ്ധമെങ്കിൽ പ്രാഥമിക ഉത്തരവാദി ഗവർണറാണ്. 9 സർവകലാശാലകളിലും ഗവർണറാണ് നിയമനാധികാരി. അപ്പോൾ പദവി ഒഴിയേണ്ടത് വിസിമാരാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ടെക്‌നോളജി യൂണിവേഴ്‌സിറ്റി വിസിയുടെ കേസിലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ചാൻസലർ എന്ന നിലയ്ക്ക് ഗവർണർക്ക് ആവശ്യപ്പെടാനാകില്ല. കാരണം, കോടതിയുടെ ഉത്തരവ് ആ വിസിക്ക് മാത്രമേ ബാധകമാകുന്നുള്ളൂ. ഇത് സാമാന്യ നിയമബോധം ഉള്ള ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. അതു മറ്റാർക്കും ബാധകമല്ല. ആ വിസിക്കെതിരെയായിരുന്നു ഹർജി സമർപ്പിക്കപ്പെട്ടത്. അതുകൊണ്ട് വിധി ഉണ്ടായത് ആ നിയമനവുമായി ബന്ധപ്പെട്ടു മാത്രമാണ്. പൊതു ഹർജിയാണെങ്കിൽ തീരുമാനം എല്ലാവർക്കും ബാധകമാണെന്ന് പറയാമായിരുന്നു. എന്നാൽ, ഇക്കാര്യം വ്യത്യസ്തമാണ്.

Advertisment

മറ്റു ഒൻപതു വിസിമാർക്കെതിരെ നിയമപരമായ എന്തെങ്കിലും പ്രശ്നം നിലനിൽക്കുന്നില്ല. ടെക്നോളജി യൂനിവേഴ്സിറ്റി വിസിയ്ക്ക് എതിരെ മാത്രം വന്ന വിധി സർവർക്കും ബാധകമാക്കാൻ സാധിക്കില്ല എന്നതും കൂടി കണക്കിലെടുത്താൽ വിസിമാരുടെ രാജി ആവശ്യപ്പെടുന്നതിനു നിയമപരമായ സാധൂകരണമില്ല.

സർവ്വകലാശാലയുടെ ഫണ്ട് ദുരുപയോഗം, മോശം പെരുമാറ്റം എന്നിങ്ങനെ രണ്ട് കാരണങ്ങളാൽ മാത്രമേ ഒരു വിസിയെ നീക്കം ചെയ്യാൻ കഴിയൂ. എന്നാൽ ഈ ആരോപണങ്ങൾ ഹൈക്കോടതി ജഡ്ജിയോ സുപ്രീം കോടതി ജഡ്ജിയോ അന്വേഷിക്കേണ്ടതുണ്ട്, കുറ്റം തെളിഞ്ഞാൽ മാത്രമേ വിസിയെ നീക്കാൻ കഴിയൂ. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. ഒരു സർവകലാശാലയുടെ ചീഫ് എക്‌സിക്യൂട്ടീവും അക്കാദമിക് ഓഫീസറുമാണ് വിസി. ഒരു വിസിയെ പിരിച്ചുവിടാൻ ചാൻസലർക്ക് ചട്ടപ്രകാരം അധികാരമില്ല. അതിനാൽ വിസിമാരോട് രാജിവെക്കാനോ പിരിച്ചുവിടാനോ ആവശ്യപ്പെടാൻ കേരള ഗവർണർക്ക് നിയമപരമായ അധികാരമില്ല.

നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളും ഓർഡിനൻസുകളും ഒപ്പുവെക്കാതെ പിടിച്ചുവെക്കുന്ന കേരള ഗവർണറുടെ നിലപാടിലെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തുകയാണ്. 11 ഓർഡിനൻസുകൾ ലാപ്സായി കഴിഞ്ഞു. നിയമസഭ കൂടി പാസാക്കിയ പല ബില്ലുകളും ഒപ്പിടാതെ വെച്ച് നീട്ടുന്നു. നിയമസഭ പാസാക്കിയ ബില്ലുകൾ താൻകൂടി ഒപ്പുവെച്ചാലേ നിയമമാകൂവെന്നും, ചില നിയമങ്ങളിൽ താൻ ഒപ്പുവെക്കില്ലായെന്നും അദ്ദേഹം നേരത്തെതന്നെ മാധ്യമങ്ങളോട് പറയുകയുണ്ടായി. ഇത് തന്നിലർപ്പിതമായ ഭരണഘടനാസ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ എന്നതാണ് അദ്ദേഹത്തിന്റെ പെരുമാറ്റങ്ങളിൽ ഇപ്പോഴുയരുന്ന സംശയം. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ നിയമസഭയിൽ ഭൂരിപക്ഷത്തോടെ പാസാക്കുന്ന ബില്ലുകൾ ജുഡീഷ്യൽ അവലോകനത്തിന് വിധേയമാണ്. ഈ സവിശേഷാധികാരം മറ്റാർക്കുമില്ല. ഗവർണർ അങ്ങനെയല്ല കരുതുന്നത്. തന്നിലർപ്പിതമായ കടമ നിർവഹിക്കാതെ ചില ബില്ലുകൾ ഒപ്പിടില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയുടെ എല്ലാ മൂല്യങ്ങൾക്കുമെതിരാണ്. ഇത് തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോടുള്ള അവഹേളനവുമാണ്.

ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന്ന് കരുതരുത്. ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഗവണർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സ്വന്തം സർക്കാരിനെ അവസരം കിട്ടുമ്പോഴൊക്കെ ഗവർണർ ഇകഴ്ത്തുന്നു. ഗവർണർ സ്വയം പരിഹാസ്യനാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സേർച്ച്‌ കമ്മിറ്റികളിലെ അംഗങ്ങളുടെ എണ്ണം, അവർ നൽകുന്ന പാനലിലെ പേരുകളുടെ എണ്ണം ഇവയൊക്കെ അതാത് സർവ്വകലാശാല സ്റ്റാറ്റ്യൂട്ടുകളിൽ പറയുന്നതുപോലെയാണ് രാജ്യത്തെല്ലായിടത്തും നടക്കുന്നത്. പല സംസ്‌ഥാനങ്ങളിലും ഗവൺമെന്റിന്റെ പ്രതിനിധികൾ ️വൈസ് ചാൻസലർ നിയമനത്തിനുള്ള സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ ഉണ്ടായിരിക്കും. മഹാരാഷ്ട്രയിൽ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സെക്രട്ടറി ഇൻ ചാർജ് സേർച്ച്‌/സെലക്ഷൻ കമ്മിറ്റിയിൽ അംഗമാണ്. കർണ്ണാടകയിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റികളിൽ വൈസ് ചാൻസലർ നിയമനത്തിനുള്ള നാലംഗ സേർച്ച്‌ കമ്മിറ്റിയെ നിയമിക്കുന്നത് ഗവൺമെന്റാണ്.

കേരളത്തിലെ മിടുക്കരായ വിദ്യാർത്ഥികളെല്ലാം ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തേക്ക് പോകുന്നുവെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ അടിസ്ഥാന വിദ്യാഭ്യാസ രംഗം മികച്ചതായതുകൊണ്ടു കൂടിയല്ലേ പുറത്തുള്ള മികവിന്റെ കേന്ദ്രങ്ങളിലും നമ്മുടെ കുട്ടികൾക്ക് അഡ്മിഷൻ കിട്ടുന്നതെന്ന് ആലോചിക്കുന്നില്ല. അല്ലെങ്കിൽ അദ്ദേഹം അത് മറച്ചുവെക്കുന്നു? എന്തുകൊണ്ട് അത്തരമൊരു നിലപാട്?

കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖല ശാക്തീകരിക്കാനുള്ള നടപടികൾ എന്തുകൊണ്ട് അദ്ദേഹത്തിന് ഉൾക്കൊള്ളാനാകുന്നില്ല. നല്ല ദിശാബോധത്തോടെയുള്ള ഇടപെടലുകളാണല്ലോ സർക്കാർ ഇക്കാര്യത്തിൽ നടത്തുന്നത്. അത് മറച്ചുവെക്കാൻ എന്തുകൊണ്ട് ഗവർണർ തയ്യാറാകുന്നു ?

സംസ്ഥാന സർക്കാരിനെ ‘എന്റെ സർക്കാർ’ എന്ന് അഭിസംബോധന ചെയ്താണ് ഗവർണർ തന്റെ നയപ്രഖ്യാപനപ്രസംഗം ആരംഭിക്കുക.തന്റെ സർക്കാരിനെ കിട്ടുന്ന അവസരങ്ങളിലെല്ലാം ഇകഴ്ത്തിക്കാട്ടാൻ അദ്ദേഹം കാണിക്കുന്ന അമിതതാൽപര്യം, അതിന്റെ മന്ത്രിമാരെ അധിക്ഷേപിക്കുന്നതൊക്കെ ആരെ മുന്നിൽ കണ്ടുകൊണ്ടാണെന്ന് കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. അതിന്റെ ഈർഷ്യ മാധ്യമങ്ങളടക്കം എല്ലാവരോടും അദ്ദേഹം അടിക്കടി കാണിക്കാറുണ്ട്. താൻ ചാൻസലർ ആയിട്ടുള്ള, ഉന്നത ഗ്രേഡിങ്ങുകൾ ലഭിച്ച, സർവകലാശാലകൾ നിലവാരമില്ലാത്തതാണെന്ന് പറയുന്നത് ചാൻസലർ എന്ന പദവിക്ക് യോജിച്ചതല്ല. അദ്ദേഹം കൂടി അംഗീകരിച്ചു നിയമിച്ച വൈസ് ചാൻസലർമാരെ രായ്ക്കുരാമാനം തൽസ്ഥാനത്ത് നീക്കം ചെയ്യാനുള്ള ഗവർണറുടെ നീക്കം മറ്റാരെയോ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്. ഗവർണറുടെ പ്രീതി എന്ന കാര്യം ഭരണഘടനയുടെ മൂല്യങ്ങളാലും, സ്വാഭാവികനീതിയുടെ ബോധ്യങ്ങളാലും നിയന്ത്രിക്കപ്പെടുന്ന ഒന്നാണ്. ആ തിരിച്ചറിവുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: