കൊച്ചി: സംസ്ഥാനത്ത് പൊതു പണിമിടക്കിന്റെ ഭാഗമായി സർക്കാർ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പണി മുടക്കിയാൽ ഡയസ്നോൺ ബാധകമാവും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചു. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച ജോലിക്ക് ഹാജരാവണമെന്നും ഉത്തരവിൽ പറയുന്നു.
പണിമുടക്കിന്റെ രണ്ടാം ദിവസമാണ് ചൊവ്വാഴ്ച. അന്ന് അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നാൽ ശമ്പളം നഷ്ടപ്പെടുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിറകെയാണ് സർക്കാർ നടപടി. ജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. പണിമുടക്ക് വിലക്കി ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിരോധിച്ചിട്ടുള്ളതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, വിലക്ക് ഉത്തരവ് ഇറക്കാതിരുന്നതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ജീവനക്കാരുടെ സംഘടനകളുടെ ഭാഗം കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി തള്ളി.
Also Read: സില്‍വര്‍ ലൈനില്‍ സര്‍ക്കാരിന് ആശ്വാസം; സര്‍വേ തുടരാമെന്ന് സുപ്രീം കോടതി
സര്‍ക്കാര്‍ ജീവനക്കാരുടെ സമരം സര്‍വീസ് റൂളില്‍ വിലക്കിയിട്ടുണ്ട്. ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ല. വകുപ്പ് തലവന്മാര് സമരം വിലക്കി അടിയന്തിര ഉത്തരവിറക്കാനും നിര്‍ദേശിച്ചു. പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു.
തിരുവനന്തപുരം സ്വദേശി ചന്ദ്രചൂഢന് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയാണു കോടതി പരിഗണിച്ചത്. ജീവനക്കാരുടെ പണിമുടക്കിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണന്നും ഡയസ്നോണ്‍ പ്രഖ്യാപിക്കാതെ പണിമുടക്ക് ദിവസത്തെ ശമ്പളം നല്‍കുകയാണന്നും ആരോപിച്ചായിരുന്നു ഹര്‍ജി. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് വേതനം നല്‍കരുതെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.