തിരുവനന്തപുരം: പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ തീർക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി. ബജറ്റിൽ നീക്കിവച്ച 50 കോടി രൂപ സര്‍ക്കാര്‍ പദ്ധതിക്ക് ഉള്ളതാണെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വിശദീകരിച്ചു.

“ഇവിടെ ഹൈക്കോടതിയിൽ കൊടുത്ത ഒരു സത്യവാങ്മൂലം എന്ന് പറഞ്ഞ് ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നുണ്ട്.  ഒരു കാര്യം അര്‍ത്ഥ ശങ്കയ്ക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കാന്‍ ആഗ്രഹിക്കുകയാണ്. വനിതാ മതിലിന് നമ്മുടെ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും ചെലവഴിക്കില്ല,” പിണറായി വിജയൻ പറഞ്ഞു.

സ്ത്രീ സുരക്ഷയ്ക്കായി ബജറ്റിൽ നീക്കിവച്ച 50 കോടി രൂപ വനിതാ മതിലിനായി ചെലവഴിക്കുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന വാർത്ത. കേരള ഹൈക്കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം പറഞ്ഞുവെന്നാണ് വാർത്തകളിൽവിശദീകരിച്ചിരുന്നത്. എന്നാൽ  ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ വനിതാ ക്ഷേമ രംഗത്ത് സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നു എന്നുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   സ്ത്രീ സുരക്ഷയ്ക്കായി നീക്കിവച്ച തുകയിൽ ഒരു രൂപ പോലും വകമാറ്റി ചെലവഴിക്കില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.

വനിതാ മതിലിന് വേണ്ടി ബജറ്റിൽ നിന്ന് തുക ചെലവഴിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസകും വ്യക്തമാക്കി. പരിപാടിക്കായി വനിതാ സംഘടനകൾ സ്വന്തം നിലയിലാണ് പണം സ്വരൂപിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ക്ഷേമത്തിനുമായി 50 കോടി നീക്കിവച്ചതായാണ് സർക്കാർ വ്യക്തമാക്കിയത്. ഇതാണ് വനിതാ മതിലിനായി നീക്കിവച്ച സർക്കാർ പണമെന്ന നിലയിൽ വ്യാഖ്യാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ