തിരുവനന്തപുരം: അതിജീവിതയ്ക്ക് നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സെക്രട്ടേറിയറ്റിലെ ചേംബറില്‍ രാവിലെ 10 മണിക്ക് അതിജീവിതയുമായി നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു.
കേസിനെ സംബന്ധിക്കുന്ന ചില ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്ക്കൊപ്പമാണ് സര്‍ക്കാര്‍ നിലകൊണ്ടത്. ആ നില തന്നെ തുടര്‍ന്നും ഉണ്ടാകും. ഇത്തരം കേസുകളില്‍ എതിര്‍പക്ഷത്ത് എത്ര ഉന്നതനായാലും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോടതിയെ സമീപിക്കാന്‍ ഇടയായത് സര്‍ക്കാര്‍ നടപടിയില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. കേസില്‍ നടന്നിട്ടുള്ള ചില കാര്യങ്ങളില്‍ കോടതിയുടെ അനുകൂല ഉത്തരവ് പ്രതീക്ഷിച്ചും അന്വേഷണത്തിന് കൂടുതല്‍ സമയം ലഭിക്കാനും വേണ്ടിയാണ് ഇത് ചെയ്തത്. കൂടെനിൽക്കുന്ന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അവര്‍ നന്ദി പറഞ്ഞു.
അതിജീവതയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മുഖ്യമന്ത്രി അടിയന്തിരമായി സംസ്ഥാന പോലീസ് മേധാവിയെയും ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെയും ചേംബറില്‍ വിളിച്ചുവരുത്തി. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ സംബന്ധിച്ചും കേസന്വേഷണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്കി.
അതേസമയം, കൂടിക്കാഴ്ചയിൽ പൂർണ സംതൃപ്തിയെന്ന് അതിജീവിത കൂടിക്കാഴ്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും സന്തോഷമുണ്ടെന്നും വ്യക്തമാക്കി. ഏറെ നാളായി മുഖ്യമന്ത്രിയെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു അത് ഇപ്പോഴാണ് സാധിച്ചതെന്ന് അതിജീവിത പറഞ്ഞു. കോടതിയില്‍ വന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും വളരെ പോസിറ്റീവായാണ് മുഖ്യമന്ത്രി സംസാരിച്ചതെന്നും നടി പറഞ്ഞു.
ഹർജിക്ക് പിന്നാലെ സിപിഎം നേതാക്കൾ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അതിജീവിത പറഞ്ഞു. ആരുടെയും വാ അടച്ചുവയ്ക്കാനില്ലെന്നും താൻ കടന്നുപോയ കാര്യങ്ങളെ കുറിച്ച് അവര്‍ക്കൊന്നും അറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Also Read: ‘ആശങ്കകൾ അറിയിച്ചു, മുഖ്യമന്ത്രിയുടെ ഉറപ്പിൽ പൂർണവിശ്വാസം’; കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത പറഞ്ഞത്